തിരുവനന്തപുരം: ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം വീണ്ടും മാറ്റി. ഇന്ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനമാണ്, വര്‍ക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയത്. കോഴിക്കോട് എന്‍ഐടിയിലെ വിദ്ഗദരുടെ സുരക്ഷ പരിശോധനയ്ക്ക് ശേഷം മാത്രം ഗ്ലാസ് ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്താല്‍ മതിയെന്നാണ് നിലവിലെ തീരുമാനമെന്ന് ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 
എന്‍ഐടിയിലെ പ്രൊഫസര്‍മാര്‍ പരിശോധനയ്ക്കായി അടുത്തയാഴ്ച ആക്കുളത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധന രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കും. ആവശ്യമായ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഗ്ലാസ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കൂയെന്ന് വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ വിഷ്ണു ജെ മേനോന്‍ പറഞ്ഞു. എന്‍ഐടി പരിശോധനാ നടപടികള്‍ വേഗത്തിലാക്കാന്‍ അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിക്ക് കത്തെഴുതിയിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞു. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് പ്രൊഫസര്‍മാരും ചേര്‍ന്നാണ് ഇതുവരെ സുരക്ഷാ പരിശോധന നടത്തിയത്. 
നേരത്തെ ഫെബ്രുവരി 14ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടനമായിരുന്നു ഇന്നത്തേക്ക് മാറ്റിയത്. 75 അടി ഉയരത്തിലും 52 മീറ്റര്‍ നീളത്തിലുമാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണം. 2023 മെയ് മാസത്തിലായിരുന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഗ്ലാസ് ബ്രിഡ്ജ് പ്രഖ്യാപിച്ചത്. വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ വരുന്ന ആദ്യ ഗ്ലാസ് ബ്രിഡ്‌ജെന്ന പ്രത്യേകയും ഇതിനുണ്ട്. 
മാര്‍ച്ച് പത്തിനാണ് വര്‍ക്കല ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരികള്‍ ഉയര്‍ന്ന തിരമാലകളില്‍ പെട്ട് തകര്‍ന്നത്. അപകടത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 15 പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ ടൂറിസം വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയകളില്‍ ഉയര്‍ന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *