ജർമ്മനി:നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയിരംപേരുടെ അസ്ഥികൂടം ജര്‍മനിയില്‍ കണ്ടെത്തി. യൂറോപ്പില്‍ ഇതുവരെ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളില്‍ ഏറ്റവും വലിയ കുഴിമാടമാണ് പുരാവസ്തു വിദഗ്ദര്‍ തെക്കന്‍ ജര്‍മനിയില്‍ കണ്ടെത്തിയിരിക്കുന്നത്. അജ്ഞാതരോഗം ബാധിച്ച് മരിച്ചവരെന്നാണ് സംശയം.
ഒരു പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ന്യൂറെംബര്‍ഗില്‍ നടത്തിയ ഖനനത്തിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. എട്ട് കുഴികളില്‍ നിന്ന് കണ്ടെത്തിയവയില്‍ നവജാതശിശുക്കളുടെയും കുട്ടികളുടെയും അസ്ഥികൂടങ്ങളുമുണ്ട്. 15ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 17ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള അസ്ഥികൂടങ്ങളാണിതെന്നാണ് കരുതുന്നത്.
എട്ട് എണ്ണത്തില്‍ മൂന്ന് കുഴികള്‍ നിലവില്‍ പൂര്‍ണമായും കുഴിച്ചിട്ടുണ്ട്. ബാക്കിയുള്ളവ വരും ദിവസങ്ങളില്‍ പരിശോധിക്കുമെന്ന് പുരാവസ്തു ഖനന കമ്പനിയായ ടെററ വെരിറ്റ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിശുദ്ധ റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നിലെ ദുരന്തത്തെ ഒരു സമൂഹം നേരിട്ട പോരാട്ടത്തിന്റെ സ്മാരകമാണ് ഈ ശവക്കുഴികളെന്നും കമ്പനി പറഞ്ഞു.