ആലപ്പുഴ: കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍. ചേര്‍ത്തല തോട്ടുങ്കര സ്വദേശി മീരാ മാത്യുവാണ് അറസ്റ്റിലായത്. ഒമ്പതുമാസമായി ഒളിവിലായിരുന്ന മീരാ മാത്യുവിനെ പട്ടണക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്.
വിവിധ ശാഖകളിലായി ഉപഭോക്താക്കള്‍ പണയം വച്ച 42 പവനോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ബാങ്കിലെ പണയംവച്ച സ്വര്‍ണം പരിശോധിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു മീര മാത്യു. കേരളാ ബാങ്കിന്റെ നാലു ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ചേര്‍ത്തല, പട്ടണക്കാട് അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലെ നാലു ശാഖകളില്‍ പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ 2023 ജൂണ്‍ 12നാണ് പോലീസ് കേസ് എടുത്തത്. സംഭവത്തില്‍ 2023 ജൂണ്‍ ഏഴിന് മീരാ മാത്യുവിനെ സസ്പെന്‍ഡ് ചെയ്യുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ചേര്‍ത്തല നടക്കാവ് ശാഖയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം (171.300 ഗ്രാം) നഷ്ടപ്പെട്ടത്. ചേര്‍ത്തല പ്രധാന ശാഖയില്‍ നിന്ന് 55.480 ഗ്രാമും പട്ടണക്കാട് ശാഖയില്‍നിന്ന് 102.300 ഗ്രാമും അര്‍ത്തുങ്കല്‍ ശാഖയില്‍ നിന്നും ആറു ഗ്രാം സ്വര്‍ണവുമാണ് കാണാതായത്.