തിരുവനന്തപുരം: പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി ആന്‍റോ ആന്‍റണി രാജ്യത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നാടിന്റെ അതിർത്തി കാക്കാൻ വീരമൃത്യുവരിച്ച ധീരജവാന്മാരേയും അവരുടെ കുടുംബാംഗങ്ങളേയും ഈ രാജ്യത്തേയുമാണ് ആന്റോ ആന്റണി അപമാനിച്ചിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
ഭീകരവാദികളുടെ കയ്യടി വാങ്ങാനും നാലുവോട്ടിനും വേണ്ടി ഈ നാടിനെ ഒറ്റുകൊടുക്കുകയാണ് തുടർച്ചയായി കോൺഗ്രസ്സ് നേതാക്കൾ. ആന്റോ ആന്റണി പ്രസ്താവന പിൻവലിച്ച് രാജ്യത്തോട് മാപ്പു പറയണം. അതിന് തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് നിയമനടപടി സ്വീകരിക്കണം. കോൺഗ്രസ്സിന്റെ കേന്ദ്രസംസ്ഥാന നേതാക്കൾ ഇക്കാര്യത്തിൽ എന്തു പറയുന്നു എന്ന് കേൾക്കാൻ ജനങ്ങൾ കാത്തിരിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.