കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിൽ കൂടുതൽ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിങിന് ഇരയായിട്ടുണ്ടെന്ന് പഠനം ഉപേക്ഷിച്ച മുന്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. സിദ്ധാർത്ഥൻ്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കടുത്ത മാനസിക പീഡനത്തെ തുടര്‍ന്ന് മൂന്ന തവണ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും ക്രൂരതയ്ക്ക് ഇരയായ മുന്‍ വിദ്യാർത്ഥി പറഞ്ഞു. 
സിദ്ധാർത്ഥൻ്റെ മരണത്തില്‍ പ്രതിയായ കാശിനാഥനടക്കമുള്ള സംഘമാണ് തന്നെയും ദ്രോഹിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു. ഇപ്പോൾ പ്രതിപ്പട്ടികയിലുള്ള മൂന്നുപേർ അന്നും ഉണ്ടായിരുന്നു. ഭിന്നശേഷി വിദ്യാർഥി ആയിരുന്നിട്ടുപോലും തന്നോട് ദയ കാട്ടിയില്ല.
മാനസിക പീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഠനം ഉപേക്ഷിച്ച് കോളേജ് വിട്ടുപോവുകയായിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു. അവിടെ തുടർന്നിരുന്നുവെങ്കിൽ തനിക്കും സിദ്ധാർത്ഥന്റെ ഗതിയാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ചെകുത്താൻ കോട്ടയാണ് മെൻസ് ഹോസ്റ്റൽ. നിരവധി കുട്ടികൾ ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട്. മൂന്നാഴ്ചയോളം മെസ്സിൽ നിന്ന് എനിക്ക് ആഹാരം തന്നില്ല. ആരും സഹകരിക്കരുത് എന്ന് അവര്‍ എല്ലാവർക്കും നിർദ്ദേശം കൊടുക്കും.
എല്ലാ ബാച്ചിലും ഇതുപോലെ ഓരോ ആളുകളെ ഒറ്റപ്പെടുത്തും. എനിക്കറിയാവുന്ന നിരവധി പേരേ ഇവരിങ്ങനെ ചെയ്തിട്ടുണ്ട്. സഹിക്കാനാവാത്ത ഒറ്റപ്പെടുത്തലാണ് അവർ നടത്തുക. കാലിന് സ്വാധീനക്കുറവ് ഉള്ളതുകൊണ്ടാണ് എന്നെ മർദ്ദിക്കാതിരുന്നത്.
ആ സമയം സാമൂഹിക മാധ്യമങ്ങളിൽ ലൈവ് വന്നിരുന്നു. പക്ഷേ എന്നെ അവര്‍ ഭീഷണിപ്പെടുത്തി. ക്യാമറയ്ക്ക് മുന്‍പില്‍ വന്ന് പറയാത്തത് പേടി കൊണ്ടാണ്.’- മുന്‍ വിദ്യാർത്ഥി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *