ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രനെതിരെ മാനനഷ്ട കേസ് നല്‍കി  യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാല്‍. കെ.സി വേണുഗോപാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.  
  ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് കെസി വേണുഗോപാല്‍ പരാതി നല്‍കിയത്. സ്വകാര്യ ചാനല്‍ പരിപാടിയ്ക്കിടെ ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് പരാതി നല്‍കിയത്‌. ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചത്  അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ആലപ്പുഴ സൗത്ത് പൊലിസിൽ നൽകിയ പരാതിയിൽ കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ഒരു തെളിവും ഇല്ലാതെയാണ് ശോഭാ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്. വര്‍ഷങ്ങളായി ജനങ്ങളുടെ ഇടയില്‍ നേടിയെടുത്ത പേരും പ്രശസ്തിയുമാണ് അപകീര്‍ത്തിപ്പെടുത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിയ്ക്കുന്നു. മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ പോലും ബഹുമാനിയ്ക്കുന്ന വ്യക്തിത്വത്തെയാണ് കളങ്കപ്പെടുത്തിയത്. അറേബ്യന്‍ രാഷ്ട്രങ്ങളില്‍ പോലും വന്‍ തോതില്‍ സ്വത്തുക്കള്‍ സമ്പാദിച്ചു എന്നതും ബിനാമി ഇടപാടുകള്‍ നടത്തി കോടികള്‍ സമ്പാദിച്ചു എന്ന ശോഭാ സുരേന്ദ്രന്റെ ആരോപണവും വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും പരാതിയില്‍ പറയുന്നു.
 ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, തെരഞ്ഞെടുപ്പില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുന്നതിനും സ്ഥാനാര്‍ത്ഥിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിയ്ക്കുന്നതിനുമുള്ള ശ്രമമാണ്. ഐപിസി 499, 500 പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. സിവില്‍ നിയമപ്രകാരം മാനനഷ്ടത്തിന് കേസ് നല്‍കേണ്ട വിഷയമാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
യാതൊരുവിധ തെളിവുകളും ഇല്ലാതെ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ തടയിടേണ്ടതാണെന്നും ഇതിനെ കുറിച്ച് വ്യക്തമായ അന്വേഷണവും ആവശ്യപ്പെട്ടാണ് പരാതി സമര്‍പ്പിച്ചതെന്നും യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എഎം നസീറും ജനറല്‍ കണ്‍വീനര്‍ എഎ ഷുക്കൂറും ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *