പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥും അനുയായികളും എല്‍ഡിഎഫിനെ പിന്തുണച്ചേക്കുമെന്ന് സൂചന. ‘സത്യത്തിനെതിരെ മുഖംതിരിക്കേണ്ടതില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ എനിക്കറിയാം. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കണം’ എന്ന് എ വി ഗോപിനാഥ് പറഞ്ഞു. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഭൂരിഭാഗം വോട്ടർമാർക്കും കോണ്‍ഗ്രസിനോട് കടുത്ത വിയോജിപ്പുണ്ടെന്നും എ വി ഗോപിനാഥ് പറഞ്ഞു.
‘എ വി ഗോപിനാഥ് ആര്‍ക്കൊപ്പമാണ് എന്നതിന് പ്രസക്തിയില്ല, ഞങ്ങള്‍ എന്തുചെയ്യുന്നു എന്നതിനാണ് പ്രസക്തി. കോണ്‍ഗ്രസ് പുറത്താക്കിയതോടെ ഇപ്പോള്‍ എല്ലാവരും വന്നുകാണുന്നുണ്ട്. അത്തരമൊരു വാതില്‍ തുറന്നുകൊടുക്കാന്‍ കോണ്‍ഗ്രസ് അവസരം തന്നുവെന്നതാണ് പെരുങ്ങോട്ടുകുറിശ്ശിയുടെ മഹാഭാഗ്യം.
പണ്ടു ശത്രുക്കളായിരുന്ന പലരും ഇന്ന് അടുപ്പക്കാരാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ദേവസ്വം മന്ത്രി വന്ന് സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും എ വി ഗോപിനാഥ് പറഞ്ഞു.
വേട്ടയാടല്‍ കോണ്‍ഗ്രസിന് രസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വേട്ടയാടി പാര്‍ട്ടി ഒരു പരുവം ആയി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പൂര്‍ണ്ണമാവുമെന്നും എ വി ഗോപിനാഥ് പ്രതികരിച്ചു.
താന്‍ ശക്തനാണെന്ന് പറയാനുള്ള മണ്ടത്തരം ഇല്ല. പ്രിയപ്പെട്ട ലീഡറെ വേദനിപ്പിച്ചതിലുള്ള പ്രതികാരം ഉണ്ട്. കെ കരുണാകരനാണ് തങ്ങളെ ശക്തരാക്കിയത്. അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിച്ചത് പെരുങ്ങോട്ടുകുറിശ്ശിക്കാര്‍ക്ക് ഹൃദയത്തില്‍ നിന്നും മറക്കാന്‍ കഴിയില്ലെന്നും എ വി ഗോപിനാഥ് പറഞ്ഞു.
പത്മജ ബിജെപിയില്‍ ചേര്‍ന്നതിനോട് യോജിപ്പില്ല. ഒപ്പം ചില കേന്ദ്രങ്ങള്‍ നടത്തിയ പ്രതികരണം വേദനിപ്പിച്ചുവെന്നും എ വി ഗോപിനാഥ് കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *