ചണ്ഡീഗഡ്: ഹരിയാനയിലെ ധാബയില്‍ പാര്‍ക്കിങ്ങില്‍ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന വ്യാപാരിയെ വെടിവച്ചുകൊന്നു. ഹരിയാനയിലെ സരഗതല്‍ ഗ്രാമത്തിലെ മദ്യവ്യാപാരി സുന്ദര്‍ മാലികാ(38)ണ് കൊല്ലപ്പെട്ടത്. പ്രതികള്‍ 35 തവണ വെടിയുതിര്‍ത്തെന്നാണു വിവരം. രണ്ടുപേര്‍ ചേര്‍ന്നാണു വ്യാപാരിയെ ആക്രമിച്ചത്.
രാവിലെ 8.30ന് ഹരിയാനയിലെ മുര്‍താലിലെ ഗുല്‍ഷന്‍ ധാബയിലായിരുന്നു സംഭവം. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായുള്ള കൊലപാതകമല്ലെന്നാണു പോലീസിന്റെ നിഗമനം. എട്ടംഗ സംഘം അന്വേഷണം ആരംഭിച്ചതായും കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.