ഡല്‍ഹി: യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ആണവ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർണ്ണായക പങ്കുവഹിച്ചെന്ന് സിഎൻഎൻ റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോക നേതാക്കളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇവരും പുടിനുമായുള്ള ബന്ധമാണ് ആണവ ആക്രമണത്തിൽ നിന്നും റഷ്യ പിന്തിരിയാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2022 അവസാനത്തോടെ യുക്രെയ്നിൽ ആക്രമണം നടത്താൻ റഷ്യ പദ്ധതിയിട്ടിരുന്നു. ഈ ആക്രമണം തടയാൻ നരേന്ദ്രമോദിയും ചില രാജ്യങ്ങളിലെ നേതാക്കളും പ്രധാന പങ്കുവഹിച്ചു. ആണവ ആക്രമണം തടയാൻ നരേന്ദ്ര മോദി അടക്കമുള്ളവർ പുടിനുമായി സംസാരിച്ചുവെന്നും സിഎൻഎന്റെ റിപ്പോർട്ടിൽ പറയുന്നു.
യുക്രെയ്നെ ഇല്ലാതാക്കാൻ റഷ്യ തന്ത്രപ്രധാനമായതോ ആണവായുധങ്ങളോ ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഭരണകൂടം ആശങ്കാകുലരാണെന്ന് റിപ്പോർട്ട് പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് രാജ്യങ്ങളിലെ നേതാക്കളെയും അമേരിക്ക ബന്ധപ്പെട്ടിരുന്നു. ഈ രാജ്യങ്ങൾക്ക് വ്യക്തമായ സന്ദേശം നൽകുകയും ചെയ്തു. ഭയാനകമായ പ്രതിസന്ധി ഒഴിവാക്കാൻ ഇത് അമേരിക്കയെ സഹായിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.