കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹമരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒളിക്കാനൊന്നുമില്ലെങ്കില്‍ എത്രയും വേഗം സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കണമെന്നും ഇതല്ലെങ്കില്‍ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും പിതാവ് ഷാജി വര്‍ഗീസ് വ്യക്തമാക്കി.
2017 മാര്‍ച്ച് അഞ്ചിന് വൈകിട്ടാണ് മിഷേലിനെ കാണാതായത്. മിഷേലിന്റെ മൃതദേഹം പിറ്റേന്നാണ് കൊച്ചി കായലില്‍ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്ന് കുടുംബവും ആത്മഹത്യയാണെന്ന് പൊലീസും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ പോരാട്ടം ശക്തമാക്കാനൊരുങ്ങുകയാണ് മിഷേലിന്റെ കുടുംബം. ലോക്കല്‍ പൊലീസ് അന്വേഷിച്ച് ആത്മഹത്യയെന്ന് വിശേഷിപ്പിച്ച മിഷേലിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ ഇത്ര കാലം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് ഷാജി വര്‍ഗീസിനൊപ്പം മാധ്യമങ്ങളെ കണ്ട അനൂപ് ജേക്കബ് എം.എല്‍.എ. ചൂണ്ടിക്കാട്ടി.
മിഷേലിന്റെ മരണത്തിലെ ദുരൂഹത നീക്കിക്കിട്ടുക എന്നത് നീതിയുടെ പ്രശ്നമാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു. തനിക്കൊപ്പവും അല്ലാതെയും മിഷേലിന്റെ കുടുംബം മൂന്നു വട്ടം മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്നും തീരുമാനമുണ്ടായിട്ടില്ല എന്നു മാത്രമല്ല, സിബിഐ അന്വേഷണം ഉണ്ടാവില്ല എന്നാണ് പറഞ്ഞതെന്നും അനൂപ് ജേക്കബ് പറഞ്ഞു.
മിഷേലിനെ കൊലപ്പെടുത്തിയതാണ് എന്നതില്‍ യാതൊരു സംശയവുമില്ലെന്നും കൊലപാതകം മാത്രമല്ല, ഇതിന് കൂട്ടുനിന്ന എറണാകുളം സെന്‍ട്രല്‍, കസബ, വനിത പൊലീസ് സ്റ്റേഷനുകളിലെ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ഷാജി വര്‍ഗീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നവകേരള സദസ്സ് പിറവത്തു നടന്നപ്പോഴും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കുടുംബം രംഗത്തു വന്നിട്ടുള്ളത്. എന്നാല്‍ ഇത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും ഉന്നതതലങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ വിധത്തില്‍ പെരുമാറിയിട്ടുള്ളതെന്നും പിതാവ് ആരോപിച്ചു.
ഒരു നടന്റെ മകന് മിഷേലിന്റെ മരണത്തില്‍ പങ്കുണ്ടെന്ന സംശയം ഷാജി വര്‍ഗീസ് വീണ്ടും ഉന്നയിച്ചു. മിഷേലിനെ കാണാതായതു മുതല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി കുടുംബം ആ മരണത്തിനു പിന്നാലെ അലയുകയാണ്. മകളുടെ മരണത്തിലെ ദുരൂഹത നീക്കിക്കിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം നിരാകരിക്കേണ്ട കാര്യം സര്‍ക്കാരിനില്ലെങ്കില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ തടസ്സം കാണിക്കേണ്ടതില്ല.
അങ്ങനെയല്ലെങ്കില്‍ സര്‍ക്കാരിന് എന്തോ ഒളിക്കാനുണ്ടെന്നാണ് കരുതേണ്ടതെന്നും ഷാജി വര്‍ഗീസ് പറഞ്ഞു. പോലീസിനെതിരെ ആരോപണങ്ങള്‍ അക്കമിട്ടു നിരത്തിക്കൊണ്ടാണ് ഷാജി വര്‍ഗീസ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നത്.
മകള്‍ അഞ്ചാം തീയതി വൈകിട്ട് കാണാനില്ലെന്ന വിവരം കിട്ടിയപ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിന് തയാറായില്ല. അന്ന് പൊലീസ് ആ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചിരുന്നെങ്കില്‍ എന്റെ മകള്‍ മരിക്കില്ലായിരുന്നു. സൈബര്‍ സെല്‍ ഒക്കെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സമയമായിട്ടു കൂടി പൊലീസ് അതിനു തയാറായില്ല. ഷാജി ജേക്കബ് പറഞ്ഞു. മിഷേല്‍ കലൂര്‍ പള്ളിയിലേക്കു പോയി എന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സഹായിക്കണമെന്നും പറഞ്ഞപ്പോള്‍ തനിയെ പോയി പരിശോധിച്ചാല്‍ മതിയെന്നായിരുന്നു പൊലീസിന്റെ സമീപനം.
അവിടെ പോയി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് കൊണ്ടുകൊടുത്തിട്ടും മൊബൈല്‍ ലൊക്കേഷന്‍ പരിശോധിക്കാനോ അന്വേഷണം നടത്താനോ തയാറായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും കിട്ടുന്നതിന് മുമ്പ് അന്നത്തെ സിഐ അനന്ത്ലാല് പ്രഖ്യാപിച്ചത് മിഷേല്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ്. ഇതെങ്ങനെ? ഒന്നാം ഗോശ്രീ പാലത്തില്‍ നിന്ന് ചാടി എന്ന് ആദ്യ ദിവസം പറഞ്ഞ സിഐ, അവിടെ വെള്ളമില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ രണ്ടാം പാലത്തില്‍ നിന്ന് ചാടി മരിച്ചു എന്ന് മാറ്റിയത് എന്തുകൊണ്ട്?
മിഷേലിനെ കാണാതായ മാര്‍ച്ച് അഞ്ചിനാണ് പോലീസിനെ സമീപിച്ചത് എന്നിരിക്കെ, അത് ആറിന് വൈകുന്നേരം 5.58ന് എന്നാക്കിയതിന്റെ കാരണം എന്താണ്? എന്തുകൊണ്ടാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ മിഷേലിന്റെ കുടുംബം ചോദിക്കുന്നു.