കണ്ണൂര്‍: തോട്ടട എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ച അവസാന വര്‍ഷ വിദ്യാര്‍ത്ഥി അശ്വന്തിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കി പിതാവ്. കേസ് തേച്ചുമാച്ചു കളയാന്‍ ശ്രമം നടന്നെന്നും പണമില്ലാത്തതിനാല്‍ കോടതിയെ സമീപിക്കാന്‍ കഴിഞ്ഞില്ലെന്നും പിതാവ് പറഞ്ഞു.
2021 ഡിസംബര്‍ ഒന്നിന് അശ്വന്ത് മരിച്ചെന്ന് ഫോണ്‍ കോള്‍ വരികയായിരുന്നു. ബന്ധുക്കള്‍ എത്തും മുമ്പേ കോളേജ് ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അശ്വന്തിന്റെ മൃതദേഹം താഴെയിറക്കി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. എല്ലാ വാരാന്ത്യത്തിലും വീട്ടിലെത്തുന്ന ആശ്വന്ത് മരിക്കുന്നതിനു മുമ്പത്തെ ആഴ്ച വന്നില്ല.
മരണ ദിവസത്തിന് തലേന്ന് ഹോസ്റ്റലില്‍ അസ്വാഭാവികമായ ചില കാര്യങ്ങള്‍ സംഭവിച്ചെന്നാണ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ അറിഞ്ഞത്. പോലീസുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ലെന്നാണ് ആക്ഷേപം. ആത്മഹത്യയാണെങ്കില്‍ പരപ്രേരണയുണ്ടാകുമെന്നും കുടുംബം കരുതുന്നു.
സഹോദരന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് അനുജത്തി അശ്വതിയും പറയുന്നത്. ഇതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. പ്രധാന തെളിവായ അശ്വന്തിന്റെ ഫോണില്‍ സാങ്കേതിക പരിശോധന നടത്താതെയും റൂംമേറ്റിനെ പോലും ചോദ്യം ചെയ്യാതെയുമാണ് ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയതെന്നാണ് പരാതി. നിരാലംബരായ കുടുംബത്തിന്റെ ഏക ആശ്രയമായ മകന്റെ വിയോഗം മാനസികമായി തളര്‍ത്തിയെങ്കിലും നിയമപരമായി പോരാടാനാണ് കുടുംബത്തിന്റെ തീരുമാനം.