ഡല്‍ഹി: പാർക്കിങ്ങിൽ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന വ്യാപാരിയെ വെടിവച്ചുകൊന്നു. ഹരിയാനയിലെ മുർതാലിലെ ഗുൽഷൻ ധാബയിലായിരുന്നു സംഭവം. സുന്ദർ മാലിക് (38) എന്നയാളാണ് കൊല്ലപ്പെട്ടത്. മദ്യവ്യാപാരിയാണ് സുന്ദർ. ഹരിയാനയിലെ സരഗതൽ ഗ്രാമത്തിൽ നിന്നുള്ളയാളാണ് സുന്ദർ.
രണ്ടുപേർ ചേർന്നാണ് വ്യാപാരിയെ ആക്രമിച്ചത്. പ്രതികൾ 35 തവണ വെടിയുതിർത്തതായാണ് പോലീസ് നൽകുന്ന വിവരം. പ്രതികൾ തുടർച്ചയായി വെടിയുതിർത്തതോടെ സുന്ദർ എസ്‍യുവിയിൽ നിന്ന് വീഴുകയായിരുന്നു. ആക്രമണകാരികളിൽ ഒരാളെ നിലത്തേക്കിട്ടു പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും രണ്ടാമത്തെയാൾ നിരവധി തവണ വെടിവച്ചതോടെ സുന്ദറിന് ചെറുത്തുനിൽക്കാനായില്ല.
ധാബയുടെ ഉടമയാണ് സംഭവം പോലീസിൽ അറിയിക്കുന്നത്. എട്ടംഗ സംഘം അന്വേഷണം ആരംഭിച്ചതായും കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായുള്ള കൊലപാതകമല്ലെന്നാണ് പോലീസിന്റെ നിഗമനം. കാറിൽ സഞ്ചരിക്കവേ ഹരിയാനയിൽ ഐഎൻഎൽഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കകമാണു മറ്റൊരു കൊലപാതകം സംഭവിച്ചത്.