തിരുവനന്തപുരം: ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ ക്ഷേമപെൻഷൻ 2500 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് ആവർത്തിക്കുന്നതിനിടെയാണ്, 7മാസത്തെ ക്ഷേമപെൻഷൻ കുടിശികയുള്ളപ്പോൾ പാവങ്ങൾക്ക് ഒരുമാസത്തെ പെൻഷൻ നൽകാനുള്ള സർക്കാർ തീരുമാനം.
പെൻഷൻ നൽകാത്തത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും തിരിച്ചടിയാവുമെന്നും ഇടത് മുന്നണി യോഗത്തിൽ സി.പി.ഐ അടക്കമുള്ള കക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് ഒരു മാസത്തെയെങ്കിലും പെൻഷൻ നൽകാനുള്ള തീരുമാനം.
വായ്പാപരിധി ഉയർത്തുന്നതിലടക്കം കേരളത്തിന് അർഹമായ കേന്ദ്രവിഹിതം ലഭിച്ചാൽ പെൻഷൻ 2500 ആക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പലവട്ടം ആവർത്തിച്ചിരുന്നു. ഉത്തരവാദിത്തത്തോടെയാണ് ഇക്കാര്യം പറയുന്നത്. എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണിത്.
16ക്ഷേമനിധി പെൻഷനുകളിലടക്കം 62ലക്ഷം പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. കടമെടുപ്പ് പരിധിയിൽ 57400 കോടിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ക്ഷേമപെൻഷൻ കൊടുക്കാനായി രൂപീകരിച്ച സാമൂഹ്യ സുരക്ഷാ കമ്പനി സമാഹരിക്കുന്ന തുക വായ്പാ പരിധിയിൻ പെടുത്തിയതോടെ പ്രതിസന്ധി കടുത്തു. ഇതടക്കം പുന:സ്ഥാപിച്ചാൽ പെൻഷൻ കൂട്ടാനാവും. പെൻഷൻ തുക വർദ്ധിപ്പിക്കണമെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട് – നിയമസഭയിൽ മന്ത്രി വിശദീകരിച്ചത് ഇങ്ങനെയാണ്.
ധൂർത്തും അഴിമതിയുമാവരുത് സർക്കാരിന്റെ മുൻഗണനയെന്നും കേന്ദ്രത്തിൽ നിന്ന് കിട്ടിയ പണം കൊണ്ട് ക്ഷേമപെൻഷൻ നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 900കോടി ചെലവിട്ട് ഒരുമാസത്തെ മാത്രം പെൻഷൻ നൽകാനാണ് സർക്കാരിന്റെ തീരുമാനം.
5മാസമായി പെൻഷൻ കിട്ടാത്തതിനാൽ കോഴിക്കോട് ചക്കിട്ടപ്പാറയിൽ ജോസഫ് ആത്മഹത്യ ചെയ്തത് തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ക്ഷേമപെൻഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും എന്നാൽ രാജഭരണകാലത്തെ ഔദാര്യം പോലെയാണ് ഇതിനെ സർക്കാർ ചിത്രീകരിക്കുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
എന്നാൽ കഴിഞ്ഞ രണ്ടരവർഷത്തിനിടെ 23958കോടി രൂപയാണ് പെൻഷൻ കൊടുത്തതെന്ന് സർക്കാർ വിശദീകരിക്കുന്നു. 7വർഷത്തിനിടെ 59112കോടി പെൻഷനായി ചെലവിട്ടു. പെൻഷൻ കമ്പനിക്ക് 57400കോടി കടമുണ്ടായിരുന്നത് കൊടുത്തുതീർത്തു. 11,000കോടി മാത്രമാണ് നിലവിലെ കടം. പെൻഷൻ കൃത്യമായി കൊടുക്കും. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള പണത്തിൽ വലിയ കുറവുവന്നതാണ് പ്രശ്നം- മന്ത്രി ബാലഗോപാൽ പറഞ്ഞു.
സാമൂഹ്യക്ഷേമപെൻഷൻ വിതരണത്തിൽ സർക്കാരിന് വീഴ്ചയില്ല.ഇ.കെ.നായനാർ സർക്കാരാണ് ക്ഷേമപെൻഷൻ എന്ന ആശയം നടപ്പാക്കിയത്. അത് 600 രൂപയിൽ നിന്ന് 1600രൂപയാക്കിയത് പിണറായി വിജയൻ സർക്കാരാണ്.
ഒന്നാം പിണറായി വിജയൻ സർക്കാർ 35154 കോടിയും നിലവിലെ സർക്കാർ ഇതുവരെ 23958 കോടിയും നൽകി. എന്നാൽ മുൻ യു.ഡി.എഫ്.സർക്കാർ 18മാസം കുടിശിക വരുത്തുകയായിരുന്നു. അവർ കേവലം 9011കോടിരൂപയാണ് അഞ്ചുവർഷക്കാലം കൊണ്ട് നൽകിയതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, യു.ഡി.എഫ് ഭരണകാലത്ത് 18മാസത്തെ പെൻഷൻ മുടങ്ങിയെന്നത് നുണക്കഥയാണെന്നും 2017നവംബർ മുതൽ 2015ജനുവരി വരെ 3മാസക്കാലത്തെ പെൻഷൻ മാത്രമാണ് മുടങ്ങിയതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിശദീകരിച്ചു.
സർക്കാർ പണം നൽകിയെങ്കിലും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക തടസം കാരണമായിരുന്നു പെൻഷൻ മുടങ്ങിയത്. 16ലക്ഷമായിരുന്ന ഗുണഭോക്താക്കൾ 44ലക്ഷമായതും ഇക്കാലത്താണ്. പെൻഷൻ കുടിശിക നൽകാൻ 806കോടി വേണ്ടിവന്നെന്നാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ഇറക്കിയ ധവളപത്രത്തിൽ പറഞ്ഞത്. ഒരു നുണ ആയിരം വട്ടം ആവർത്തിച്ച് സത്യമാക്കാനുള്ള നീക്കമാണ് പൊളിഞ്ഞതെന്നും സതീശൻ പറഞ്ഞു.