ലണ്ടൻ: രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. വിട്ടുമാറാത്ത കടുത്ത ചുമ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ദ്ധനയാണ് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പങ്കുവെയ്ക്കുന്ന കണക്കുകൾ പ്രകാരം, ജനുവരിയില്‍ മാത്രം ഇംഗ്ലണ്ടില്‍ 552 പുതിയ ഇന്‍ഫെക്ഷനുകളാണ് സ്ഥിരീകരിക്കപ്പെട്ടത്. 2023 – ല്‍ രാജ്യത്താകമാനം 858 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഇടത്താണ് ഒരു മാസത്തിൽ ഇത്രയും അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് കടുത്ത ആശങ്ക ഉയർത്തുന്നതാണെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി.
ഏകദേശം 30 ശതമാനം കേസുകളും 14 വയസ്സ് വരെയുള്ള കുട്ടികളിലാണ് സ്ഥിരീകരിച്ചതെന്ന വസ്തുത ആശങ്കകൾ വർധിപ്പിക്കുന്നു. മൂന്നു മാസത്തിന് താഴെ പ്രായമുള്ള കുട്ടികളുടെ കാര്യമെടുത്താൽ, 2022 – ല്‍ രണ്ട് കേസുകള്‍ മാത്രമായിരുന്നത് 2023 – ല്‍ 38 കേസുകളായി വർധിച്ചു.
കുഞ്ഞുങ്ങളില്‍ ഇന്‍ഫെക്ഷൻ ഗുരുതരമായ രോഗബാധയ്ക്ക് കാരണമാകുകയും, സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. 2024 – ലെ ആദ്യത്തെ നാല് ആഴ്ചയില്‍ തന്നെ 22 പേരിലാണ് രോഗം കണ്ടെത്തിയത്.
ശ്വാസകോശത്തെയും, ശ്വാസനാളികളെയും ബാധിക്കുന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് വൂപ്പിംഗ് കഫ്. ജലദോഷത്തിന് തുല്യമായ ലക്ഷണങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ ഉണ്ടാകുകയെങ്കിലും, ഏതാനും ആഴ്ചകള്‍ക്ക് ശേഷം മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്നതും രാത്രികാലങ്ങളിൽ കലശലാകുകയും ചെയ്യുന്ന ചുമയായി മാറും.
പെർട്ടൂസ്സിസ് ബാക്റ്റീരിയ പരത്തുന്ന ഈ രോഗം സാധാരണ ഗതിയിൽ ഒന്ന് മുതൽ ആറ് ആഴ്ച വരെയാണ് നീണ്ടു നിൽക്കുന്നതെങ്കിലും, ചിലരിൽ പത്ത് ആഴ്ച വരെ തുടർന്നേക്കാം.
ഇത്തരത്തിൽ പല മാസങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ 100 ദിവസത്തെ ചുമയെന്നാണ് ഇതേക്കുറിച്ച് വിശേഷിപ്പിക്കുന്നത്. വൂപ്പിംഗ് കഫിന് എതിരായ വാക്‌സിന്‍ സ്വീകരിക്കുന്നവരിൽ ഉണ്ടായ കുറവാണ് രോഗത്തിന്റെ വ്യാപനം കൂടാൻ കാരണമായി പറയപ്പെടുന്നത്.