ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ പ്രതികളായ വിഷ്ണുവിനെയും കുടുംബത്തെയും മുന്‍പരിചയമില്ലെന്ന് നിതീഷും വിഷ്ണുവും താമസിച്ച വീടിന്റെ ഉടമസ്ഥന്‍. പേരുകള്‍ മാറ്റി പറഞ്ഞാണ് പ്രതികള്‍ വീട് എടുത്തത്.
അമ്മയും പെങ്ങളും സ്ഥലത്തില്ലെന്നാണ് പറഞ്ഞിരുന്നതെന്നും വീടിന്റെ ഉടമ പറഞ്ഞു. 2023 ജൂണ്‍ 23നാണ് പ്രതികള്‍ വാടക വീടെടുക്കുന്നത്. വിഷ്ണുവും വിജയനും ചേര്‍ന്നായിരുന്നു വാടക വീട് എടുക്കാന്‍ വന്നത്. അമ്മയെയും സഹോദരിയെയും കണ്ടിട്ടില്ല.
വാടകവീട്ടിലേക്ക് ഉടമ ചെല്ലാതിരിക്കാന്‍ വാടക പണം വീട്ടിലെത്തിച്ചു നല്‍കിയിരുന്നു. ഒരുതവണ നിതീഷും വിജയനും ചേര്‍ന്നാണ് വന്നതെന്നും നിതീഷിനെ കസിന്‍ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും വീട്ടുടമ പറഞ്ഞു.
വാടക വീട്ടില്‍ പലതവണ എത്തിയപ്പോഴും ആരെയും കണ്ടിരുന്നില്ല. നിതീഷിന്റെയും വിഷ്ണുവിന്റെയും പേരുകള്‍ മാറ്റിയാണ് വീട്ടുടമയോട് പറഞ്ഞിരുന്നത്. വിഷ്ണുവിന്റെ പേര് അജിത്ത് എന്നും നിതീഷിന്റെ പേര് ആദ്യം ശ്രീഹരി എന്നും പിന്നീട് പ്രണവ് എന്നുമാണ് പറഞ്ഞിരുന്നതെന്നും വീട്ടുടമ പ്രതികരിച്ചു.