ജിദ്ദ: ഞായറാഴ്ച സന്ധ്യയിൽ റംസാൻ മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചതിന്റെ അിസ്ഥാനത്തിൽ വ്രതാരംഭം തിങ്കളാഴ്ച ആണെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു.
ഞായറാഴ്ച അസ്തമയാനന്തരം ചന്ദ്രപ്പിറവി ദൃശ്യമാവുന്നത് നിരീക്ഷിക്കാൻ കഴിഞ്ഞ ദിവസം സൗദി സുപ്രീം ജുഡീഷ്യറി പൊതുജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. മാസപ്പിറവി നിരീക്ഷിക്കാൻ പലയിടങ്ങളിലും ജനകീയാടിസ്ഥാനത്തിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കറുമുണ്ട്. മാസപ്പിറവി നിരീക്ഷണ സമിതികളും പ്രവർത്തിക്കുന്നുണ്ട്.
റിയാദ് പ്രവിശ്യയിലെ തുമൈര്‍, സുദൈര്‍ എന്നിവടങ്ങളിലെ നിരീക്ഷണ സമിതികളാണ് മാസപ്പിറവി ദൃശ്യമായതായി അധികൃതർക്ക് മുമ്പാകെ സത്യപ്പെടുത്തിയത്. വാന നിരീക്ഷണം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നെങ്കിലും പിന്നീട് മാനം തെളിയുകയും ചന്ദ്രക്കല വെളിപ്പെടുകയുമായിരുന്നു.
സൗദി അറേബ്യയയെ പിൻപറ്റി പത്ത് രാജ്യങ്ങളെങ്കിലും റംസാൻ വ്രതാരംഭം തിങ്കളാഴ്ച തന്നെയെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. യു എ ഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, സിറിയ, ഫലസ്തീൻ, യമൻ, ലെബനൻ, ഈജിപ്ത് എന്നിവിടങ്ങളിൽ തിങ്കളാഴ്ചയാണ് നോമ്പ് തുടങ്ങുക.
അതേസമയം, ഒമാൻ, ജോർദാൻ, മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ, തായ്‌ലൻഡ്, സിങ്കപ്പൂർ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ റംസാൻ വൃതം ചൊവാഴ്ചയായിരിക്കും തുടങ്ങുകയെന്നും അറിയിച്ചു. ഇവിടങ്ങളിൽ ശഅബാൻ മുപ്പത് പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ വെളിപ്പെടുത്തി.
റംസാൻ സന്ദേശം പുറത്തിറക്കവേ, ഫലസ്തീനിൽ വെടിനിർത്തൽ ഇല്ലാതെയാണ് പുണ്യമാസം ആരംഭിക്കുന്നതെന്ന കാര്യം അങ്ങേയറ്റം ദുഖമുണ്ടാക്കുന്നതായി സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു.