സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പാർക്കിങ് ഏരിയയിൽ കാറിടിച്ച് രണ്ടര വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു മെഴ്സിഡസ് കാറാണ് കുട്ടിയെ ഇടിച്ചിട്ടത്. വാഹനത്തിൻ്റെ ഡ്രൈവറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സൂറത്തിലെ റോയൽ ടൈറ്റാനിയം കെട്ടിടത്തിൻ്റെ ബേസ്‌മെൻ്റ് പാർക്കിങ്ങിലാണ് സംഭവം. ഇതിൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
കുട്ടി പാർക്കിങ് ഏരിയയിൽ കളിക്കുന്നതിനിടയിൽ ഒരാൾ തൻ്റെ മെഴ്‌സിഡസ് കാറിനടുത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ കാണാം. മെഴ്‌സിഡസ് ഡ്രൈവർ പിന്നീട് പാർക്കിംഗ് ഏരിയയിൽ നിന്ന് പുറത്തുകടക്കാൻ കാർ റിവേഴ്‌സ് ചെയ്യുന്നു. ഈ സമയം കാർ കുഞ്ഞിൻ്റെ മുകളിലൂടെ കയറുകയായിരുന്നു.
അപകടം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. ഇയാൾ വാഹനം നിർത്താതെ പോകുന്നത് ദൃശ്യങ്ങളിൽ കാണാം.
കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയും മെഴ്‌സിഡസ് ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ല. അതേസമയം, പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.