ബംഗളൂരു: ബംഗളൂരു സിലിക്കണ്‍ സിറ്റിയില്‍ കുടിവെള്ള ക്ഷാമമുണ്ടാകുമെന്ന റിപ്പോര്‍ട്ട് തള്ളി ബിഡബ്ല്യുഎസ്എസ്ബി രംഗത്ത്.
നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ജൂലൈ മാസം വരെ വിതരണത്തിന് ആവശ്യമായ ജലം ബോര്‍ഡിന് ഉണ്ടെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് ചെയര്‍മാന്‍ രാംപ്രസാത് മനോഹര്‍ അറിയിച്ചു. സിലിക്കണ്‍ സിറ്റിയില്‍ വരും ദിവസങ്ങളില്‍ കുടിവെള്ളക്ഷാമം നേരിടാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ബോര്‍ഡിന്റെ വിശദീകരണം.
നഗരത്തിലുടനീളം ബോര്‍ഡ് പ്രതിദിനം 1,470 എംഎല്‍ഡി വെള്ളം വിതരണം ചെയ്യുന്നുണ്ട്. ജലക്ഷാമം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് നഗരവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും മനോഹര്‍ പറഞ്ഞു.
മെയ് 15 ന് കാവേരി അഞ്ചാം ഘട്ട പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ ബംഗളൂരുവിന് 775 എംഎല്‍ഡി ജലം അധികമായി ലഭിക്കും. നിലവില്‍ 2100 എംഎല്‍ഡി വെള്ളമാണ് നഗരത്തിനും പ്രാന്തപ്രദേശങ്ങള്‍ക്കും ആവശ്യമായി വരുന്നത്. കാവേരി നദീതടത്തിലെ നാല് അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ജലത്തിനായി കുഴല്‍ക്കിണറുകളെയാണ് ആശ്രയിക്കുന്നത്. നഗരത്തിന് ചുറ്റുമുള്ള പല തടാകങ്ങളും വറ്റിവരളുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *