തിരുവനന്തപുരം: അടുത്തവര്‍ഷംമുതല്‍ കോളേജ് അധ്യാപകര്‍ക്ക് വീട്ടിലിരുന്നും പരീക്ഷയ്ക്കു മാര്‍ക്കിടാം. നാലുവര്‍ഷ ബിരുദത്തില്‍ ‘ഓണ്‍-സ്‌ക്രീന്‍ ഇവാലുവേഷന്‍’ എന്ന ഡിജിറ്റല്‍ മൂല്യനിര്‍ണയരീതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് ഓപ്പണ്‍ ബുക്ക് പരീക്ഷ സര്‍വകലാശാലകളില്‍ നടപ്പാക്കുന്നുണ്ട്. പരീക്ഷയ്ക്കുശേഷം അധ്യാപകരുടെ പ്രത്യേക ക്യാമ്പുവഴി മൂല്യനിര്‍ണയം നടത്തുന്നതാണ് നിലവിലെ രീതി. ഉത്തരക്കടലാസുകള്‍ കൊണ്ടുപോകാനുള്ള ചെലവ്, സുരക്ഷ എന്നിവയും സര്‍വകലാശാലകള്‍ക്ക് അമിതഭാരമുണ്ടാക്കുന്നു. ഈ കാലതാമസവും പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് നിര്‍മിതബുദ്ധി സാധ്യത പ്രയോജനപ്പെടുത്തി ഇ-മൂല്യനിര്‍ണയം.
ഇതിനായി ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രത്യേകം സോഫ്റ്റ്വേറും പോര്‍ട്ടലും തയ്യാറാക്കും. നാലുവര്‍ഷ ബിരുദത്തിന്റെ ഒന്നാം സെമസ്റ്ററില്‍ പുനര്‍മൂല്യനിര്‍ണയത്തില്‍ ഈ രീതി ആദ്യം പരീക്ഷിക്കാനാണ് ശ്രമം. ഓണ്‍ലൈന്‍ പരീക്ഷയും മൂല്യനിര്‍ണയവും നടത്താനുള്ള ലേണിങ് മാനേജ്മെന്റ് സിസ്റ്റം ഉള്‍പ്പെട്ട കെ-റീപ്പി (കേരള റിസോഴ്സ് ഫോര്‍ എജുക്കേഷണല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്ലാനിങ്) ന്റെ ആദ്യഘട്ടത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി നല്‍കി.
തിരുവനന്തപുരം: നാലുവര്‍ഷ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം ‘ഓണ്‍-സ്‌ക്രീനി’ല്‍ നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെച്ച രീതികള്‍ ചുവടെ:
ഉത്തരക്കടലാസ് പരീക്ഷാകേന്ദ്രത്തില്‍ സ്‌കാന്‍ചെയ്ത് പോര്‍ട്ടലില്‍ ലഭ്യമാക്കും.
പരീക്ഷാ കണ്‍ട്രോളര്‍ ചുമതലപ്പെടുത്തുന്ന അധ്യാപകന് കംപ്യൂട്ടറിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ ഓണ്‍ലൈനായി നോക്കി മാര്‍ക്കിടാം.
ഫെയ്സ് റെക്കഗ്‌നിഷന്‍ പോലുള്ള ഇ-സുരക്ഷ.
എവിടെയിരുന്നും ഏതുനേരത്തും മൂല്യനിര്‍ണയം നടത്താം.
മാര്‍ക്ക് കുറഞ്ഞാലോ കൂടിയാലോ തത്സമയം കണ്ടുപിടിക്കാം.
മാര്‍ക്കിട്ട ഉത്തരക്കടലാസ് വിദ്യാര്‍ഥിക്കും കാണാന്‍ അവസരം.
വിദ്യാര്‍ഥിയുടെ മികവ് വിലയിരുത്താന്‍ എ.ഐ. സഹായം.
മാറ്റം അനിവാര്യം -ആര്‍. ബിന്ദു, ഉന്നതവിദ്യാഭ്യാസമന്ത്രി
നാലുവര്‍ഷ ബിരുദത്തില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള മൂല്യനിര്‍ണയരീതി വരും. ഇപ്പോള്‍ മൂല്യനിര്‍ണയത്തിനും ഫലപ്രഖ്യാപനത്തിനും വലിയ സമയമെടുക്കുന്നു. മൂല്യനിര്‍ണയത്തില്‍ വിദ്യാര്‍ഥിസൗഹൃദ നടപടികളുണ്ടാവും.