ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രഹസ്യ ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് നവജാത ശിശുവിനെ കൊന്നത്. കുഞ്ഞിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
മുത്തച്ഛൻ വിജയനും മകൻ വിഷ്ണുവും നിതീഷും ചേർന്നാണ് കൊലപാതകം നടത്തിയത്. കുഞ്ഞിനെ വിജയൻ കാലിൽ പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
ഇതിന് ശേഷം കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചിട്ടു. എല്ലാവർക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം വിജയനെ ചുറ്റിക കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളുണ്ട്. നിതിഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ.
വിജയനെ കുഴിച്ചിട്ട വീടിന്റെ തറ ഇന്ന് കുഴിച്ച് പരിശോധിക്കും. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
മോഷണ കേസില്‍ പ്രതിയായ വിഷ്ണു വിജയന്റെ പിതാവ് വിജയനെയും സഹോദരിയുടെ നവജാത ശിശുവിനെയുമാണ് ഇരുവരും കൊലപ്പെടുത്തി കുഴിച്ചിട്ടത്. കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീട്ടിലാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്. ഈ വീടിന് നിലവില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.