ആല്‍ബം ഗാനങ്ങളിലൂടെ പ്രശസ്തനായ ഗായകനാണ് സലിം കോടത്തൂര്‍. അദ്ദേഹത്തിന്റെ ഗാനങ്ങളും വന്‍ ഹിറ്റുകളാണ്. സലീം കോടത്തൂരിന്റെ മകള്‍ ഹന്നയ്ക്കും നിരവധി ആരാധകരുണ്ട്. ഹന്നയെക്കുറിച്ച് സലിം കോടത്തൂര്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ…
”എന്റെ ചെറുപ്പ കാലമൊക്കെ എനിക്ക് പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. കാരണം പത്താം വയസില്‍ തന്നെ ഞാന്‍ പള്ളിയില്‍ പഠിക്കാനായി പോയി. അതോടെ എന്റെ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിച്ചു. പിന്നീട് എനിക്ക് സ്‌കൂളില്‍ പോകാന്‍ പറ്റിയിട്ടില്ല.
ഞാന്‍ തിരിച്ച് വരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കൂട്ടുകാര്‍ക്കൊപ്പം കളിച്ച് നടക്കേണ്ട പ്രായത്തില്‍ എനിക്ക് അതിന് സാധിച്ചില്ല. അവിടെ നിന്നും തിരിച്ച് വന്നശേഷം ഞാന്‍ വര്‍ക്ക് ഷോപ്പില്‍ കയറി. ജീവിതാനുഭവങ്ങളാണ് ഏറ്റവും വലിയ പാഠം. അങ്ങനെയുണ്ടായതാണ് ഞാന്‍ എഴുതിയ പാട്ടുകളെല്ലാം.
പ്രണയ ഗാനങ്ങള്‍ പ്രണയത്തിലായിരുന്നപ്പോള്‍ എഴുതിയതാണ്. ഇരുപതാം വയസില്‍ ഞാന്‍ വിവാഹിതനായി. പെട്ടന്നായിരുന്നു കല്യാണം. അതോടെ വിരഹത്തിലായി. അങ്ങനെയാണ് വിരഹ ഗാനങ്ങള്‍ എഴുതിത്തുടങ്ങിയത്. പക്ഷെ, കഴിഞ്ഞ പത്ത് വര്‍ഷമായി എനിക്ക് വിരഹമില്ല. അങ്ങനൊരു ചിന്ത തന്നെയില്ല. എന്റെ ഫോക്കസ് മുഴുവന്‍ ഹന്ന മോളാണ്. അവളിലേക്ക് ഞാന്‍ ചുരുങ്ങിപ്പോയി.
ഹന്ന മോള്‍ സ്‌കൂളില്‍ പോകുന്നത് പോലും എനിക്ക് ഇഷ്ടമല്ല. ചില ദിവസങ്ങളില്‍ ഞാന്‍ ഇവളെ സ്‌കൂളില്‍ പോയി ഉച്ചയ്ക്ക് കൂട്ടികൊണ്ട് വരും. സ്‌കൂള്‍ ഇല്ലാത്തപ്പോള്‍ ഹന്ന മോള്‍ എനിക്കൊപ്പമാണ്. പ്രോഗ്രാമിനൊക്കെ പോകുമ്പോള്‍ എനിക്ക് മോളെ വല്ലാതെ മിസ് ചെയ്യും. മോള് സ്‌കൂളില്‍ പോയി കഴിയുമ്പോള്‍ ചില ദിവസങ്ങളില്‍ വല്ലാതെ പ്രയാസം വരും.
ആ സമയത്ത് സ്‌കൂളില്‍ പോയി കൂട്ടികൊണ്ട് വന്നാലോയെന്ന് ചിന്തിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നും ടീച്ചേഴ്‌സ് വിളിക്കും ഹന്ന മോള്‍ക്ക് വയ്യെന്ന് പറയുന്നുണ്ട് കൂട്ടാന്‍ വരാന്‍ പറഞ്ഞ്. അങ്ങനെ പലപ്പോഴും സംഭവിച്ചിട്ടുണ്ട്. അപ്പോള്‍ ഞാന്‍ സന്തോഷത്തോടെ പോയി കൂട്ടികൊണ്ട് വരും. ഹന്ന മോളാണ് എന്നെ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും എന്റെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും.
ഹന്ന മോള്‍ക്ക് പതിനൊന്ന് വയസായെങ്കിലും ഞങ്ങള്‍ക്ക് അവള്‍ ഇപ്പോഴും കൊച്ചുകുട്ടിയാണ്. എല്ലാവരും ഇപ്പോഴും ഹന്നയെ എടുക്കും.അങ്ങനൊരു സ്‌നേഹമാണ് അവളോട്. അതുപോലെ ഞാന്‍ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണ് പാട്ടിന്റെ ആദ്യത്തെ വരി മാറ്റാന്‍ ഒരുപാട് ശ്രമിച്ചിരുന്നു പക്ഷെ നടന്നില്ല. ആ പാട്ട് ഇറങ്ങിയ സമയത്ത് എന്റെ ഭാര്യയ്ക്ക് ടെന്‍ഷനായിരുന്നു. അവള്‍ അത് മൂന്ന് വര്‍ഷം മുമ്പാണ് എന്നോട് തുറന്ന് പറഞ്ഞത്…”