വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസിനെ മാറ്റി നിർത്തി നിക്കി ഹേലിയെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കണമെന്നു ‘റിയൽ ടൈം’ അവതാരകൻ ബിൽ മാഹർ നിർദേശിക്കുന്നു. അതൊരു സ്വപ്ന ടിക്കറ്റ് ആവുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
റിപ്പബ്ലിക്കൻ മത്സരത്തിൽ ഡൊണാൾഡ് ട്രംപിനോടു പരാജയപ്പെട്ട ഹേലി പിന്മാറ്റം നടത്തിയെങ്കിലും ട്രംപിനെ എൻഡോഴ്സ് ചെയ്തിട്ടില്ല. അവർ മൂന്നാം സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങൾ പരന്നിട്ടുമുണ്ട്. താനും ഹാരിസും തമ്മിലാണ് മത്സരം ഉണ്ടാവുകയെന്നും അടുത്ത പ്രസിഡന്റ് വനിത ആയിരിക്കുമെന്നും ഹേലി ആവർത്തിച്ചു പറയുന്നുമുണ്ട്.
ട്രംപ് പിടിമുറുക്കിയ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഹേലിക്കു ഭാവിയൊന്നും ഇല്ലെന്നു വെള്ളിയാഴ്ച നടന്ന ചർച്ചയിൽ മാഹർ പറഞ്ഞു. അവർ മറ്റൊരു രാഷ്ട്രീയ പാത സ്വീകരിക്കണം. “ബൈഡന്റെ കൂടെ നിന്നു മത്സരിക്കുക എന്ന ആശയം ഭ്രാന്താണെന്നു തോന്നാം. പക്ഷെ എന്റെ സ്വപ്ന ടിക്കറ്റ് അതാണ്. അവർ വിജയം കാണുമെന്നു എനിക്കുറപ്പാണ്.”
യുഎസ് വംശീയ രാഷ്ട്രമല്ലെന്നു ഹേലി പറഞ്ഞതും ഭ്രാന്താണെന്നു മാഹർ പറഞ്ഞു.
എന്നാൽ ഹാരിസിനെ ഒഴിവാക്കുമ്പോൾ ഡെമോക്രാറ്റിക് ടിക്കറ്റിന്റെ അടിത്തറ പൊളിക്കുമെന്നു ‘പക്ക്’ ലേഖിക താരാ പാൽമേറി പറഞ്ഞു. “പക്ഷെ അവർ വെള്ളക്കാരിയല്ല,” മാഹർ വാദിച്ചു.
അപ്പോൾ പാൽമേറി പറഞ്ഞു: “അതേ, പക്ഷെ കറുത്ത വനിതകൾ ഡെമോക്രാറ്റിക് പാർട്ടിയുടെ നട്ടെല്ലാണ്.” ഹാരിസിന്റെ പിതാവ് ആഫ്രിക്കൻ അമേരിക്കൻ ആയിരുന്നു.
സെനറ്റിൽ നിന്നു വിരമിക്കുന്ന മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി മിറ്റ് റോംനിയെ ബൈഡന്റെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നു മാഹർ നിർദേശിച്ചു.
ഹാരിസിനെ ഡെമോക്രാറ്റിക് ടിക്കറ്റിൽ നിന്നു നീക്കണമെന്ന് 2022 ഒക്ടോബർ മുതൽ മാഹർ ആവശ്യപ്പെടുന്നതാണ്. “അവർക്കു ജനപ്രീതിയില്ല.”
മാഹർ പറഞ്ഞ ആശയം ഡെമോക്രാറ്റിക് മത്സരത്തിൽ നിന്നു കഴിഞ്ഞ ആഴ്ച പിന്മാറിയ ഡീൻ ഫിലിപ്‌സ് ഉന്നയിച്ചപ്പോൾ ഹേലി തള്ളിയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉറച്ചു നിൽക്കുന്ന അവർ പക്ഷെ ട്രംപിനെ പിന്തുണച്ചിട്ടില്ല. തന്നെ പിന്തുണച്ചവരെ പിടിച്ചെടുക്കാൻ അവർ ട്രംപിനെ വെല്ലുവിളിച്ചിട്ടുമുണ്ട്.