ഇടുക്കി : യുഡിഎഫ് മുന്നോട്ടു വെക്കുന്ന ശരിയായ രാഷ്ട്രീയത്തിനൊപ്പമാണ് ഇടുക്കി ജനതയുടെ മനസെന്ന് ഡീൻ കുര്യാക്കോസ് എംപി. യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം തൊടുപുഴയിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 8 വർഷമായി ഇടുക്കിയിലെ ജനങ്ങളെ തുടർച്ചയായി ദ്രോഹിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനാവിധിയായി ഈ പാർലമെന്റ് തെരഞ്ഞെടുപ്പ് മാറും. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര സ്വഭാവമുള്ള ജനാധിപത്യ സർക്കാർ അധികാരത്തിൽ വരേണ്ടത് ഇടുക്കി ജനതയുടെ നില നിൽപ്പിൻറെ പ്രശ്നം കൂടിയാണ്.
ജില്ലയുടെ പ്രാദേശിക വിഷയങ്ങളും ജില്ലയുടെ ആവശ്യങ്ങളും പാർലമെന്റിൽ ഉന്നയിക്കുവാനും അതിൽ ഏറെയും നേടിയെടുക്കുവാനും സാധിച്ചതായി എംപി പറഞ്ഞു.
തിരഞ്ഞെടുപ്പിന് യുഡിഎഫ് പൂർണ്ണമായും സജ്ജമായതായും എംപി പറഞ്ഞു. ജില്ലയിൽ ഉടനീളം യുഡിഎഫിന് നല്ല വേരോട്ടം ഉണ്ട്. കേരളത്തിൽ സമ്പൂർണ്ണ വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഇത് ജനങ്ങളുടെ വിജയമായി മാറും.
ഇടുക്കിയിലെ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത പ്രവർത്തനമാണ് കഴിഞ്ഞ അഞ്ച് വർഷ കാലം നടത്തിയത്. ഒരു അഴിമതി ആരോപണം പോലും കഴിഞ്ഞ കാലങ്ങളിൽ നേരിടേണ്ടി വന്നിട്ടില്ല. വിവാദമായ ഒരു ഇടപാടിലും താൻ പങ്കുചേർന്നിട്ടില്ല. എന്നെ ജയിപ്പിച്ചു എന്നതിന്റെ പേരിൽ ഒരു ഇടുക്കിക്കാരനും ആരുടെ മുന്നിലും തല കുനിക്കേണ്ടി വന്നിട്ടില്ല.