അടുത്ത കാലത്തൊന്നും ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത വിധം സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്സിന് തമിഴ്‌നാട്ടിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ വളരെ കുറവ് സ്‌ക്രീനുകളിൽ മാത്രം പ്രദർശിപ്പിച്ച സിനിമ ഇപ്പോൾ 25 കോടിയിലധികം രൂപയാണ് തമിഴ്‌നാട്ടിൽ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുമോൾ, സിനിമയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി മേഘ്ന.
താരത്തിന്റെ പുതിയ ചിത്രമായ അരിമാപ്പട്ടി ശക്തിവേൽ കണ്ടതിന് ശേഷം തിയേറ്ററിൽ നിന്ന് പുറത്തിറങ്ങവേയായിരുന്നു മേഘ്ന മഞ്ഞുമ്മൽ ബോയ്സിനെതിരെ പ്രതികരിച്ചത്. ‘ഞാൻ ഒരു മലയാളിയാണ്. ഞാൻ മനസിലാക്കിയിടത്തോളം കേരളത്തിൽ മഞ്ഞുമ്മൽ ബോയ്സിന് ഇത്രത്തോളം പ്രതികരണം ഒന്നും ലഭിക്കുന്നില്ല. തമിഴ്‌നാട്ടിൽ ഈ സിനിമ ഇത്രത്തോളം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഞാൻ സിനിമ കണ്ടതാണ്. വലിയ തൃപ്തി ഒന്നും ലഭിച്ചില്ല. എന്തുകൊണ്ടാണ് ആ സിനിമയ്ക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല,’ എന്നാണ് താരത്തിന്റെ പ്രതികരണം.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടിക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി മലയാളികൾ രംഗത്തെത്തിയിട്ടുണ്ട്. ‘ഇവൾ കണ്ട കേരളം അല്ലാ അപ്പൊ ഒറിജിനൽ കേരളം’, ‘നല്ല വിഷമം ഉണ്ടല്ലേ’, ‘മഞ്ഞുമ്മൽ എന്ന് മര്യാദക്ക് പറയാൻ പോലും അറിയില്ല’, ‘ഇത് ഏതവളാടാ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.