തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥ് സിദ്ധാർത്ഥന്റെ മരണം പൊടുന്നനേ സി.ബി.ഐയ്ക്ക് സർക്കാർ കൈമാറിയതിന് പിന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുമുണ്ട്. ഇന്ന് രാവിലെയാണ് സിദ്ധാർത്ഥന്റെ പിതാവും ബന്ധുക്കളും മുഖ്യമന്ത്രിയെ കണ്ടത്. അതിനു പിന്നാലെ സി.ബി.ഐ അന്വേഷണം സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.
രാവിലെ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ വിജ്ഞാപനം അവധി ദിവസമായിട്ടും വൈകിട്ട് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറത്തിറക്കുകയും ചെയ്തു. അതിവേഗത്തിലുള്ള ഈ നടപടികൾക്ക് പിന്നിൽ ഗവർണറുടെ ഇടപെടലുകളാണെന്നത് ആരുമറിയാത്ത രഹസ്യം.

സിദ്ധാർത്ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് കേന്ദ്രസർക്കാരിന് ഗവർണർ ശുപാർശ ചെയ്യുമെന്നുറപ്പായപ്പോഴാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ സർക്കാർ തയ്യാറായത്. സിദ്ധാർത്ഥിന്റെ മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാൻ താൻ ശുപാർശ ചെയ്യുകയാണെന്ന് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിക്കാനുള്ള കത്തിൽ വെള്ളിയാഴ്ച രാത്രി ഗവർണർ ഒപ്പിട്ടിരുന്നു. ഇന്നലെ രാവിലെ പ്രത്യേകദൂതൻ വഴി മുഖ്യമന്ത്രിക്ക് കത്ത് നേരിട്ടെത്തിച്ചു. ഇതിനു പിന്നാലെയാണ് സിദ്ധാർത്ഥിന്റെ പിതാവ് ടി.ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ടതും സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതും.

പോസ്റ്റുമാർട്ടം റിപ്പോർട്ട് പ്രകാരം സിദ്ധാർത്ഥിന്റേത് കൊലപാതകമാണെന്നും ക്യാമ്പസിലുണ്ടായിട്ടും 3 ദിവസം നീണ്ട ക്രൂരസംഭവം സർവകലാശാലയിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്നത് ദുരൂഹമാണെന്നും ഗവർണർ നേരത്തേ തുറന്നടിച്ചിരുന്നു. 
പൊലീസ് അന്വേഷണത്തിലും തെളിവുശേഖരണത്തിലുമടക്കം വീഴ്ചയുള്ളതിനാൽ അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതാണ് ഉചിതമെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായമെന്താണെന്ന് അറിയിക്കണമെന്നുമാണ് മുഖ്യമന്ത്രിക്ക് ഗവർണർ കത്ത് നൽകിയത്. 
ഗവർണറുടെ നിർദ്ദേശപ്രകാരം രാജ്ഭവൻ ഉദ്യോഗസ്ഥർ 3 ദിവസം മുൻപേ കത്ത് തയ്യാറാക്കിയിരുന്നു. ഇക്കാര്യമറിഞ്ഞതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് സർക്കാർ അനുകൂലമായത്.
ഗവർണർ ശുപാർശ ചെയ്താലും സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സി.ബി.ഐയ്ക്ക് അന്വേഷണം ഏറ്റെടുക്കാനാവില്ല. അല്ലെങ്കിൽ ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുണ്ടാവണം. പക്ഷേ ഇത്തരമൊരു കേസിൽ, ഗവർണറുടെ ശുപാർശ അംഗീകരിച്ച് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി വിജ്ഞാപനമിറക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയാവുമെന്നത് മുൻകൂട്ടി കണ്ടാണ് സർക്കാർ ഒരുമുഴം മുൻപേ നീങ്ങിയത്.

നേരത്തേ സർക്കാർ നിസംഗത പുലർത്തുന്നതിനിടെ ചാൻസലറുടെ അധികാരമുപയോഗിച്ച് വെറ്ററിനറി സർവകലാശാലാ വി.സി ഡോ. എം.ആർ.ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത് ഗവർണർ കൈയടിനേടിയിരുന്നു. ഇതുപോലെ സിബിഐ അന്വേഷണവും വന്നാൽ ക്രെഡിറ്റെല്ലാം ഗവർണർക്കായിരിക്കുമെന്ന് സർക്കാരിന് നന്നായറിയാം. തിരഞ്ഞെടുപ്പ് കാലത്ത് അത് തിരിച്ചടിയാവുമെന്ന് ഭയന്നാണ് സർക്കാരിന്റെ അതിവേഗ നടപടികൾ.

അതേസമയം, സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഗവർണർ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് മറുപടി ലഭിച്ചിട്ടില്ല. ഗുരുതര വീഴ്ചവരുത്തിയ വെറ്ററിനറി സർവകലാശാലാ വൈസ്ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ പുറത്താക്കുന്നതിന് മുന്നോടിയായാണ് ഈ അന്വേഷണം.
യൂണിവേഴ്സിറ്റി നിയമപ്രകാരം വി.സിയെ പുറത്താക്കാൻ സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിയുടെ അന്വേഷണം വേണം. ഈ അന്വേഷണത്തിൽ സർവകലാശാലാ അധികൃതരുടെ വീഴ്ചയടക്കം വിപുലമായ അന്വേഷണ വിഷയങ്ങളുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *