ഗാസയിലെ ഇടപെടലിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി രൂക്ഷ പ്രതികരണം നടത്തേണ്ടി വന്നെന്ന് വ്യക്തമാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോ ക്ലിപ്പ് പുറത്ത്. കൊളറാഡോ ഡെമോക്രാറ്റിക് സെനറ്റർ മൈക്കൽ ബെന്നറ്റ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗ് എന്നിവരുമായി നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
NEW – Biden on hot mic: “I told him, Bibi, and don’t repeat this, but you and I are going to have a ‘come to Jesus’ meeting.” pic.twitter.com/1gDCdhgeXf
— Disclose.tv (@disclosetv) March 8, 2024
ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം അനുവദിക്കുന്നതിന് ഇസ്രായേലിനെ പ്രേരിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബെന്നറ്റ് ബൈഡനോട് പറയുന്നുണ്ട്. ഇതിന് മറുപടിയായി ‘ഞാൻ അവനോട് പറഞ്ഞു, ബീബി, ഇത് ആവർത്തിക്കരുത്, പക്ഷേ നീയും ഞാനും ‘കം ടു ജീസസ്’ മീറ്റിങ്ങിലേക്ക് പോകുന്നു,’ എന്നായിരുന്നു ബൈഡന്റെ മറുപടി.
അമേരിക്കൻ പ്രയോഗപ്രകാരം ‘കം ടു ജീസസ്’ എന്ന വാക്ക് രൂക്ഷപ്രതികരണത്തെ സൂചിപ്പിക്കുന്നതാണ്. തിരിച്ചറിവിലേക്ക് വരുന്നതിനായുള്ള സംഭാഷണം എന്നൊക്കെയാണ് ‘കം ടു ജീസസ്’ എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. നെതന്യാഹുവിന്റെ വിളിപ്പേരാണ് ബീബി. ബൈഡൻ ഇതുപറഞ്ഞതിന് പിന്നാലെ റൂമിൽ മൈക്രോഫോണുകൾ ഘടപ്പിച്ചിട്ടുണ്ടെന്ന് കൂടെയുള്ളവർ മുന്നറിയിപ്പ് നൽകുകയായിരുന്നു.
അതേസമയം നിലവിൽ ട്രക്കുകൾ വഴി ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിനെ തുടർന്ന് എയർഡ്രോപ്പ് വഴിയാണ് അമേരിക്ക ഗാസയിൽ സഹായങ്ങൾ എത്തിക്കുന്നത്. ഗാസയിലേക്ക് സഹായം എത്തിക്കുന്നതിന് അമേരിക്ക ഒരു താൽക്കാലിക തുറമുഖം നിർമ്മിക്കുമെന്ന് വ്യാഴാഴ്ച സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കിയിരുന്നു.