പൊന്നാനി:     കഴിഞ്ഞ ബുധനാഴ്ച  നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി തുടക്കമിട്ട മുഖാമുഖം  സമകാലിക രാഷ്ട്രീയ – സാമൂഹ്യ കാലാവസ്ഥയിൽ  ആശയും ആവേശവും കോരിചൊരിയുന്നതായെന്ന് പരിപാടിയിൽ പങ്കെടുത്ത സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ വിവരിച്ചു.    ആഴ്ചകളോളം നീണ്ട നവകേരള സദസ്സ് കേരള സമൂഹത്തിലുണ്ടാക്കിയ പുതിയ ആവേശത്തിന്റെ  തുടർച്ചയെന്നോണം തുടക്കമിട്ട  “ഇൻസാഫ്”  പരിപാടിയിലൂടെ സംഘാടകരായ സംസ്ഥാന  ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉദ്യേശിക്കുന്നത് ന്യൂനപക്ഷങ്ങളെ കേൾക്കലും  അവരുടെ വികാരങ്ങളെ  വിലമതിക്കലും ന്യായമായ അവരുടെ അവകാശങ്ങൾക്ക് ഒപ്പം നിൽക്കലും. 
സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളോട് ഉള്ളുതുറന്ന ഇടപെടലുകളാണ്  “ഇൻസാഫ്” ഉണ്ടാക്കിയ പ്രതീതിയെന്ന് ഖാസിം കോയ വിശേഷിപ്പിച്ചു.  നവകേരള സദസ്സിന്റെ തുടർച്ചയായി, ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ  സംവാദത്തിന്  ആരംഭം കുറിച്ചുകൊണ്ടാണ്  മുസ്ലിം വിഭാഗങ്ങളുമായുള്ള  മുഖാമുഖം  “ഇൻസാഫ്” അരങ്ങേറിയത്. മുസ്ലിം സംഘടനാ പ്രതിനിധികൾ, മുതവല്ലിമാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മദ്രസ്സാ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്ത  “ഇൻസാഫ്” ഉണ്ടാക്കിയത്  പ്രശ്നപങ്കിലമായ ആനുകാലിക സാഹചര്യത്തിൽ  മുസ്ലിം വിഭാഗം ഒറ്റക്കല്ലാ  എന്ന പ്രത്യാശയുടെ  സന്ദേശമാണെന്ന് ഉസ്താദ് ഖാസിം കോയ  തുടർന്നു.    
ന്യൂനപക്ഷ വിഭാഗങ്ങളുടെ പുരോഗതിയും ഭരണഘടനാ അവകാശങ്ങളും പ്രാതിനിധ്യവും ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്ന പരിപാടിയുടെ ആദ്യഘട്ടം എന്ന നിലയിലായിരുന്നു മുസ്ലിം വിഭാഗങ്ങളുമായുള്ള “ഇൻസാഫ്” മുഖാമുഖം.    മന്ത്രി വി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ‘ഇന്‍സാഫ്’ മുഖാമുഖം പരിപാടിയിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പുരോഗതിയും ഭരണഘടനാ അവകാശങ്ങളും പ്രാതിനിധ്യവും കൂടുതൽ കാര്യക്ഷമമായി ഉറപ്പുവരുത്താനാവശ്യമായ ഇടപെടലുകളെ കുറിച്ച് ചർച്ചകളുയർന്നതായും  ക്രിയാത്മകമായ ഈ സംവാദത്തിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ചകൾ ഉപയോഗപ്പെടുത്തി ഒരു നവകേരളം സൃഷ്ടിക്കാൻ ഒന്നിച്ചു മുന്നേറാമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ  തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
വരും ദിവസങ്ങളിൽ   മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുമായും സമാനമായ  മുഖാമുഖം സംഘടിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *