തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തിയതോടെ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ പോരാട്ടത്തിന് തീച്ചൂട്.
എതിർസ്ഥാനാർത്ഥികളായ ശശി തരൂരും പന്ന്യൻ രവീന്ദ്രനും മണ്ഡലം നിറഞ്ഞുകഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപേ അതിശക്തമായ ത്രികോണപ്പോരിന്റെ ആവേശത്തിലാണ് തലസ്ഥാനം.
തിരുവനന്തപുരത്ത് പറന്നിറങ്ങിയ കേന്ദ്രമന്ത്രി വമ്പൻ വാഗ്ദാനങ്ങളുമായാണ് വാർത്തകളിൽ നിറയുന്നത്. നൈപുണ്യ പരിശീലനം കിട്ടാത്ത ഒറ്റ യുവാവും തിരുവനന്തപുരത്ത് ഉണ്ടാവില്ലെന്നാണ് പ്രധാന വാഗ്ദാനം.
തലസ്ഥാനത്തെ ഐ.ടി കേന്ദ്രമാക്കി മാറ്റുമെന്നും ചെറുപ്പക്കാർക്കെല്ലാം ഉയർന്ന ശമ്പളമുള്ള ജോലിക്ക് അവസരമുണ്ടാക്കുമെന്നും പറയുന്നതിലൂടെ യുവാക്കളുടെ വോട്ടിലാണ് കേന്ദ്രമന്ത്രിയുടെ കണ്ണ്.
പ്രമുഖ പത്രങ്ങളിൽ വമ്പൻ പരസ്യങ്ങളും ബി.ജെ.പി നൽകിത്തുടങ്ങി. പറയുന്നതേ ചെയ്യൂവെന്നും ചെയ്യാവുന്നതേ പറയൂ എന്നുമാണ് ടാഗ് ലൈൻ.
അതേസമയം ശശിതരൂരാവട്ടെ മണ്ഡലം നിറഞ്ഞുള്ള പ്രചാരണത്തിലാണ്. തീരദേശമാണ് എക്കാലവും തരൂരിന് തുണയാവാറുള്ളത്. അതിനാൽ അവിടെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് തരൂർ നടത്തുന്നത്.
ഇടത് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനാവട്ടെ കുടുംബയോഗങ്ങളിലും തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും സജീവമാണ്. ഇടതിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
വി.കെ കൃഷ്ണമേനോൻ, എം.എൻ ഗോവിന്ദൻ നായർ, കെ.വി സുരേന്ദ്രനാഥ്, കെ. കരുണാകരൻ, പി.കെ വാസുദേവൻ നായർ തുടങ്ങി തലയെടുപ്പുള്ളവർ പോരാടി വിജയിച്ച മണ്ഡലമാണ് തിരുവനന്തപുരം.
നാലാം വട്ടം മത്സരിക്കുന്ന തരൂർ സിറ്റിംഗ് സീറ്റ് നിലനിർത്താനും രണ്ട് വട്ടം മൂന്നാം സ്ഥാനം കൊണ്ട് മുറിവേറ്റ സി.പി.ഐ പന്ന്യൻ രവീന്ദ്രനെന്ന ജനകീയ മുഖത്തിലൂടെ തിരികെപ്പിടിക്കാനും ശ്രമിക്കുന്ന മണ്ഡലത്തെ പാർലമെന്റിലേക്കുള്ള കേരളത്തിന്റെ ആദ്യ അക്കൗണ്ടാക്കി മാറ്റാനാണ് രാജീവ് ചന്ദ്രശേഖർ ലക്ഷ്യമിടുന്നത്
മത, സാമുദായിക നേതാക്കളെയെല്ലാം കണ്ട് രാജീവ് പിന്തുണ തേടുന്നുണ്ട്. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തും കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലുമെത്തി രാജീവ് ചന്ദ്രശേഖർ പിന്തുണ അഭ്യർത്ഥിച്ചിരുന്നു.
യു.എന്നിൽ അണ്ടർ സെക്രട്ടറിയായിരുന്ന തരൂർ സെക്രട്ടറി ജനറൽ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമാണ് 2009ൽ കോൺഗ്രസിലൂടെ തലസ്ഥാനത്തെത്തുന്നത്. ഇപ്പോൾ തലസ്ഥാനത്തിന്റെ എം.പിയെന്ന മേൽവിലാസത്തിൽ അറിയപ്പെടുന്ന അദ്ദേഹം ജനങ്ങൾക്കിടയിൽ സുപരിചിതനാണ്.
കഴിഞ്ഞ തവണ 41.9 ശതമാനം വോട്ട് നേടിയ തരൂരിനെ നേരിടുകയെന്നത് ചില്ലറക്കാര്യമല്ല. അതുകൊണ്ട് തന്നെയാണ് പന്ന്യൻ രവീന്ദ്രനെന്ന മുതിർന്ന സി.പി.ഐ നേതാവിലേക്ക് ഇടത് മുന്നണി എത്തിയത്. ജനീകയതയും 2005ലെ ഉപതിരഞ്ഞെടുപ്പ് വിജയവുമാണ് അദ്ദേഹത്തിന്റെ കൈമുതൽ.
തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായപ്പോൾ തന്നെ തലസ്ഥാനത്ത് ഉയർന്നു കേട്ട പേരായിരുന്നു രാജീവ് ചന്ദ്രശേഖറിന്റേത്. അമേരിക്കയിലെ ഹാവാർഡിൽ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചു. 2018ൽ രാജ്യസഭാംഗമായ നിലവിൽ കേന്ദ്രമന്ത്രിയുമായ അദ്ദേഹത്തെയാണ് ബി.ജെ.പി രംഗത്തിറക്കിയിട്ടുള്ളത്.
കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തുന്നതിനൊപ്പം തലസ്ഥാനത്തെ ഐ.ടി നഗരമാക്കുമെന്ന വാക്ക് കൂടി അദ്ദേഹം ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു. എന്തായാലും അതിശക്തമായ മത്സരത്തിന് വേദിയാവുന്ന തിരുവനന്തപുരത്ത് ആര് ജയിച്ചുകയറുമെന്ന് കാത്തിരുന്ന് കാണണം.