തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ സ്ഥലംമാറ്റങ്ങളിൽ ഇളവും പരാതിയും ഉന്നയിച്ച് ആരും ഇനി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിനെയോ അദ്ദേഹത്തിൻെറ ഓഫീസിനെയോ സമീപിച്ച് പോകരുത് !
ആനവണ്ടി കോർപ്പറേഷനിലെ സ്ഥലംമാറ്റത്തിലൊന്നും ഇടപെടേണ്ടെന്നാണ് മന്ത്രിയുടെയും ഓഫീസിൻെറയും തീരുമാനം. മേലിൽ ഇങ്ങനെയെന്തെങ്കിലും കാര്യത്തിന് ആരെങ്കിലും വരാനുളള സാധ്യത കണക്കിലെടുത്ത് തീരുമാനം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മലോകരെ അറിയിക്കാൻ ഒരു കുറിപ്പ് തന്നെ പുറത്തുവിട്ടു.
അതിനാൽ കത്ത് കണ്ട് ബോധ്യപ്പെട്ട് പരാതിയും പരിഭവവും പറയാനിരുന്നവർ അവരവരുടെ സീറ്റകളിൽ തന്നെയിരുന്ന് യാത്ര തുടരേണ്ടതാണെന്നാണ് കൽപ്പന. എന്താണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണമെന്ന് ഗണേഷ് കുമാറിൻെറ പ്രൈവറ്റ് സെക്രട്ടറി അച്ചൻകോവിൽ അജിത്ത് കുറിപ്പിൽ വിശദമാക്കുന്നില്ല.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ടെന്നല്ലേ, അതുകൊണ്ട് കത്ത് സസൂക്ഷ്മം വായിച്ചാൽ ഇടപെടാത്തതിൻെറ കാരണം അവിടവിടെ തെളിഞ്ഞുകാണാം.” ശ്രീ ഗണേഷ് കുമാർ ഗതാഗത മന്ത്രിയാകുന്നതിന് മുൻപുതന്നെ, അന്നത്തെ സി.എം.ഡിയുടെ കാലത്ത് ആരംഭിച്ച സ്ഥലംമാറ്റ നിയമന നടപടിക്രമങ്ങളാണ് നിലവിൽ നടപ്പിലാക്കി വരുന്നത്.
കെ.എസ്.ആർ.ടി.സിയുടെ ഭരണ നിർവഹണം സുഗമമാക്കാൻ വേണ്ടിയുളള പ്രസ്തുത നടപടികളിൽ പ്രതികൂലമായി ഇടപെടാൻ കഴിയില്ല. ചുമതലപ്പെട്ട ഭരണവിഭാഗം ഉദ്യോഗസ്ഥരാണ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി സ്ഥലംമാറ്റങ്ങൾ നടത്തുന്നത്.” കുറിപ്പിൽ പറയുന്നു.
അതായത് ഇപ്പോഴത്തെ സ്ഥലംമാറ്റമെല്ലാം മുൻ സി.എം.ഡിയുടെ കാലത്ത് തീരുമാനിച്ചതാണ്. അതിലൊന്നും മന്ത്രിക്ക് ഒരു ഉത്തരവാദിത്തവുമില്ല എന്നാണ് പ്രൈവറ്റ് സെക്രട്ടറിയുടെ കുറിപ്പിൽ പറയുന്നത്. ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്തെ പരിഷ്കാരങ്ങളിലും സ്ഥലംമാറ്റങ്ങളിലും ഗണേഷ് കുമാർ കോലിടുന്നു എന്ന പരാതികൾക്ക് തടയിടാൻ കൂടിയാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയൊരു കുറിപ്പ് പുറത്തുവിട്ടതെന്ന് വേണം കരുതാൻ.
ആൻറണി രാജു മന്ത്രിയായിരുന്ന കാലത്ത് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ നിന്ന് ഇറങ്ങിയ 37 പേരുടെ സ്ഥലംമാറ്റ ഉത്തരവ് ഗണേഷ് കുമാർ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഇതിൽ ആൻറണി രാജുവിനും ഗതാഗത വകുപ്പ് കമ്മീഷണർക്കും അതൃപ്തിയുണ്ടായിരുന്നു.
രാഷ്ട്രീയ തലത്തിൽ പരാതിയായി മാറിയ ഇത്തരം സംഭവങ്ങളുടെ ഓർമ്മയിലാണ് കെ.എസ്.ആർ.ടി.സിയിലെ സ്ഥലംമാറ്റം സംബന്ധിച്ച പരാതിയിൽ ഇടപെടില്ല എന്ന് ഗണേഷ് കുമാറിൻെറ പ്രൈവറ്റ് സെക്രട്ടറി കുറിപ്പ് പ്രസിദ്ധീകരണത്തിന് നൽകിയത്.
കെ.എസ്.ആർ.ടി.സിയിലെ സ്ഥലംമാറ്റത്തിൽ ഇടപെടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും പരാതിയുളളവർക്ക് അതുമായി പോകേണ്ട വഴിയും കുറിപ്പിൽ പറയുന്നുണ്ട്. ”ആരോഗ്യ പരമായ കാരണങ്ങളാൽ സ്ഥലം മാറ്റമോ ലഘുതര ജോലികളോ അനിവാര്യമായിട്ടുളളവർക്ക് ഉചിതമാർഗ്ഗേണ സി.എം.ഡിക്ക് അപേക്ഷ നൽകി കെ.എസ്.ആർ.ടി.സിയുടെ മെഡിക്കൽ ബോർഡിനെ സമീപിക്കാവുന്നതാണ്” പ്രസിദ്ധീകരണത്തിന് കുറിപ്പിൽ നിർദ്ദേശിക്കുന്നു.