ചെന്നൈ: നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം അംഗങ്ങളെ ചേര്‍ക്കാനുള്ള പദ്ധതി വനിതാ ദിനത്തില്‍ ആരംഭിച്ചതിന് പിന്നാലെ ആദ്യ മണിക്കൂറില്‍ മാത്രം അംഗത്വം നേടിയത് 20 ലക്ഷത്തിലധികം പേരാണ്. ആദ്യം അംഗത്വം എടുത്തത് വിജയ് തന്നെയാണ്.
സമൂഹമാധ്യമത്തിലൂടെയാണ് കഴിഞ്ഞ ദിവസം വിജയ് അംഗത്വത്തെ കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ചത്. അതിന് തന്നെ ഒരു മണിക്കൂറാവുന്നതിന് മുമ്പ് രണ്ട് മില്യണ്‍ ഹിറ്റാണ് ലഭിച്ചത്. രണ്ടുകോടി അംഗത്വം എന്നതാണ് പാര്‍ട്ടി ലക്ഷ്യമിട്ടിരിക്കുന്നത്.
‘പിറപോകും എല്ലാ ഉയിരുക്കും’ എന്ന അടിക്കുറിപ്പിന് കീഴിൽ താൻ നൽകിയ പ്രതിജ്ഞ വായിച്ച് തന്റെ രാഷ്ട്രീയ സംഘടനയിൽ ചേരാൻ വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
‘സമത്വത്തിന്റെ അടിസ്ഥാന തത്വം പാലിച്ച് ടിവികെയിൽ ചേരുന്നതിലൂടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി പ്രതിജ്ഞ വായിച്ച് അംഗത്വ കാർഡ് ലഭിക്കുന്നതിന് ക്യുആർ കോഡ് ഉപയോഗിക്കുക,’ എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ താരം പറഞ്ഞു.
പാർട്ടിയിൽ ചേരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് നമ്പർ നിർബന്ധമാണ്. അതേസമയം വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഏപ്രിലിൽ മധുരയിൽ വെച്ച് നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.