കോഴിക്കോട് : കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. കോൺഗ്രസ് പ്രഖാപിച്ചിരിക്കുന്ന പട്ടിക മികച്ചതാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ അഭിപ്രായപ്പെട്ടു. മികച്ച പട്ടിക അവതരിപ്പിച്ച കോൺഗ്രസ് ഹൈക്കമാൻഡിനെ അഭിനന്ദിക്കുന്നതായും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് തൊട്ടു പിന്നാലെ പിന്തുണയുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്ത് വന്നിരുന്നു. പരിചയ സമ്പത്തും പോരാട്ട വീര്യവുമുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത് എന്നതാണ് ലീഗ് നേതൃത്വത്തിലെ പൊതു വികാരം .  

പത്മജയുടെ ബി.ജെ പി പ്രവേശനത്തിന് മറുപടി പറയാൻ എന്നോണം കെ. മുരളീധരനെ വടകരയിൽ നിന്ന് തൃശൂരിലേക്ക് മാറ്റിയതും ലീഗിനെ സന്തോഷിപ്പിക്കുന്നുണ്ട്. ബി.ജെ.പിക്ക് എതിരെ വിട്ടു വീഴ്ചയില്ലാതെ പോരാടുന്ന മുന്നണിയാണ് യു.ഡി.എഫ് എന്ന സന്ദേശം നൽകാൻ ഇതിലൂടെ സാധിച്ചു എന്ന വിലയിരുത്തലാണ് ലീഗ് നേതൃത്വത്തിനുള്ളത്. 
സുരേഷ് ഗോപിയിലൂടെ തൃശൂരിൽ അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് തടയിടാൻ യു.ഡി.എഫ് മുന്നിട്ട് ഇറങ്ങുന്നു എന്നത് മറ്റ് മണ്ഡലങ്ങളിലും മതേതര ജനാധിപത്യ വോട്ടുകൾ ആകർഷിക്കാൻ മുന്നണിക്ക് സഹായകരമാകുമെന്നും ലീഗ് നേതൃത്വം കണക്കാക്കുന്നു.
സ്ഥാനാർഥി പട്ടിക സംബന്ധിച്ച് കോൺഗ്രസിൽ അഭ്യന്തര സംഘർഷങ്ങൾ ഒന്നും ഇല്ലാതിരുന്നതിലും ലീഗ് സന്തുഷ്ടരാണ്. സീറ്റ് പ്രശ്നത്തിൽ കലഹം ഉണ്ടായാൽ അത് സാധ്യതകളെ ബാധിക്കുമെന്ന് ലീഗിന് ആശങ്ക ഉണ്ടായിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കുന്ന തീരുമാനവും ലീഗ് നേതൃത്വം ശുഭകരമായി കാണുന്നുണ്ട് .
2019-ലെ പോലെ വയനാട്ടിലെ  രാഹുലിൻ്റെ സാന്നിധ്യം സമീപ മണ്ഡലങ്ങളിലും ആഞ്ഞടിക്കും എന്നതാണ് ലീഗ് നേതൃത്വത്തെ സന്തോഷിപ്പിക്കുന്നത്. പാർട്ടി മത്സരിക്കുന്ന മലപ്പുറം , പൊന്നാനി സീറ്റുകളിൽ ഇതിന്റെ ഗുണം ലഭിക്കും.
ഒത്തൊരുമയോട് പ്രവർത്തിച്ചാൽ 2019 ലെ ജയം ഇത്തവണയും ആവർത്തിക്കാൻ ആകും എന്നാണ് മുസ്ലിം ലീഗ് നേതൃ തലത്തിലെ വിലയിരുത്തൽ. ഭരണ വിരുദ്ധ വികാരം നാട്ടിൽ അത്രമേൽ ശക്തമാണ് എന്നതാണ് ലീഗ് പ്രതീക്ഷയുടെ അടിസ്ഥാനം. കോൺഗ്രസ്  സ്ഥാനാർത്ഥി പട്ടികയെ അഭിനന്ദിച്ചുള്ള ലീഗ് നേതാക്കളുടെ വാക്കുകളിൽ ഇത് പ്രകടമാണ്.
” ലീഗ് എത്ര സീറ്റുകളിലാണ്  മത്സരിക്കുന്നത് എന്നാണ് മാധ്യമങ്ങളുടെ സംശയം. സംശയം വേണ്ട,ലീഗ് 20 മണ്ഡലങ്ങളിലും  മത്സരിക്കുന്നുണ്ട്.എല്ലാവരും ലീഗിന്റെ സ്ഥാനാർഥികളാണ് കോണ്ഗ്രസിന്റെത് മികച്ച സ്ഥാനാര്ഥി പട്ടികയാണ്. നല്ല പട്ടിക പുറത്തിറക്കിയ ഹൈക്കാമാന്റിനെ അഭിനന്ദിക്കുന്നു” പാണക്കാട് സാദിഖലി ശിഹാബ്തങ്ങൾ അഭിപ്രായപ്പെട്ടു.
ബി.ജെ.പിക്ക് എതിരെ രാഹുൽ ഗാന്ധി രാജ്യത്ത് ഒറ്റയാൾ പോരാട്ടം നടത്തുകയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരുത്തനായ നേതാവാണ് രാഹുൽ ഗാന്ധി എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിൻ്റെ നിലപാടുകളെ കുഞ്ഞാലിക്കുട്ടി വിമർശിക്കുകയും ചെയ്തു.

“യുപിഎയുടെ തരം നോക്കി വേലിപ്പുറത്ത് അല്ലങ്കിൽ ഉമ്മറപ്പടിയിൽ എന്ന നിലപാട് ആണ് ഇടതുപക്ഷത്തിന് ഉള്ളത്. പാർലിമെന്റിൽ പ്രസംഗിച്ചു എന്ന് പറയുന്നവർ പോര.നാല് അക്ഷരം മുഖത്ത് നോക്കി പറയാൻ കഴിയുന്ന പ്രഗത്ഭർ തന്നെ വേണം.

കോണ്ഗ്രസ് സ്ഥാനാർഥി ലിസ്റ്റ് പലർക്കുമുള്ള അടിയാണ് .കരുണാകരന്റെ മകനെ തൃശൂരിൽ ഇറക്കി ബിജെപിയെ ചെറുക്കുന്ന നല്ല ഒരു മെസേജ് കോണ്ഗ്രസ് നൽകി. മുരളീധരൻ തൃശ്ശൂർക്ക് പോകുമെന്ന് ബിജെപി യും സി പി എമ്മും പ്രതീക്ഷിച്ചില്ല.എന്തിനു വേണ്ടി ബിജെപി അമ്പെയ്തോ ആ അമ്പു ബിജെപി ക്കെതിരെ ആണ് വരുന്നത്.
രാജ്യത്ത് ആര് ബി ജെ പി യെ ചെറുക്കും എന്നതാണ് ചോദ്യം കോൺഗ്രസ്‌ ഇല്ലാതെ സി പി എമ്മിന് കേരളത്തിന്‌ പുറത്ത് ഏത് സംസ്ഥാനത്താണ് നിക്കാൻ കഴിയുക ” കുഞ്ഞാലിക്കുട്ടി ചോദിച്ചു. കോൺഗ്രസ് പ്രകടിപ്പിക്കുന്ന പോരാട്ട വീര്യത്തെ ലീഗ് എത്രമാത്രം ആവേശത്തോടെ ഏറ്റെടുക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ പ്രതികരണങ്ങൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *