ക്യാന്‍സര്‍ എന്നത് എല്ലാവര്‍ക്കും പേടിയുള്ള ഒരു രോഗമാണ്. സ്ത്രീകളിലും പുരുഷന്മാരിലും ക്യാന്‍സര്‍ ഒരു പോലെ ഉണ്ടാകുന്നു. എന്നാല്‍ സ്തനാർബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍ തുടങ്ങി സ്ത്രീകളില്‍ മാത്രമായി കണ്ടുവരുന്ന ചില ക്യാന്‍സറുകളുമുണ്ട്. 
സ്തനങ്ങളിൽ കാണുന്ന മാറ്റങ്ങള്‍ ചിലപ്പോഴൊക്കെ സ്തനാര്‍ബുദ്ദത്തിന്‍റെ ലക്ഷണങ്ങളാകാം. സ്തനത്തിന്‍റെ ആകൃതിയിൽ മാറ്റം വരുക, സ്തനങ്ങളിൽ മുഴ, ഒരു സ്തനത്തിന്  മാത്രമായി വലിപ്പം വയ്ക്കുക, സ്തനങ്ങളിൽ ഞരമ്പുകള്‍ തെളിഞ്ഞു കാണുക, സ്തനങ്ങളിലെ ചർമ്മത്തിന് ചുവപ്പ് നിറം വരുക, സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ മുലക്കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങൾ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന തുടങ്ങിയവയും ചിലപ്പോള്‍ സ്തനാര്‍ബുദ്ദത്തിന്‍റെ ലക്ഷണങ്ങളാകാം. 
ആര്‍ത്തവ സമയത്ത് അല്ലാതെ ഉണ്ടാകുന്ന രക്തസ്രാവവും നിസാരമായി കാണേണ്ട. തീയ്യതി തെറ്റി ആര്‍ത്തവം വരിക, ആര്‍ത്തവ സമയത്തെ അസാധാരണമായ വേദന തുടങ്ങിയ  ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണിക്കേണ്ടത് ഏറെ പ്രധാനമാണ്. മാറാത്ത ചുമ, കഫക്കെട്ട്, ശബ്ദത്തില്‍ വ്യത്യാസം തുടങ്ങിയവയെയും നിസാരമായി കാണേണ്ട. കഴുത്തിന്‍റെ മുൻഭാഗത്ത്‌ മുഴകൾ, നീര് എന്നിവ കാണപ്പെടുന്നത് ചിലപ്പോള്‍ തൈറോയ്ഡ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. 
ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക, മലബന്ധം, ദഹന പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ ഓവറിയന്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. അകാരണമായി ശരീരഭാരം കുറയുന്നതും നിസാരമാക്കേണ്ട. ശരീരഭാരം കുറയുന്നത് പല രോഗങ്ങളുടെയും ലക്ഷണമാണ്. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടും ഓവറിയന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടും ശരീരഭാരം കുറയാം. 
ചര്‍മ്മത്ത് ചില പുതിയ പാടുകള്‍ വരുന്നതും, നേരത്തെയുള്ള പാടുകളിലെ നിറവും രൂപവും വലിപ്പവുമൊക്കെ മാറുന്നതും നിസാരമായി കാണേണ്ട. ചിലപ്പോള്‍ അത് സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും ചിലപ്പോള്‍ ചില ക്യാന്‍സറുകളുടെ സൂചനയായും തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം.  

By admin

Leave a Reply

Your email address will not be published. Required fields are marked *