ദുബായ്: റമദാന്‍ മാസത്തില്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങളാണുണ്ടാകുക. ചാന്ദ്ര മാസപ്പിറവി അടിസ്ഥാനമാക്കിയാണ് മാസത്തിന്റെ തുടക്കവും ഒടുക്കവും നിശ്ചയിക്കുന്നത്.
അതുകൊണ്ടുതന്നെ ലോകത്തെ എല്ലാ രാജ്യങ്ങളിലും ഒരേ ദിനമായിരിക്കില്ല റമദാന്‍ മാസം ആരംഭിക്കുക. ഒന്നോ രണ്ടോ ദിവസത്തിന്റെ മാറ്റങ്ങള്‍ സംഭവിച്ചേക്കാം.
ഈ വര്‍ഷത്തെ റമാദാന്‍ വ്രതാരംഭത്തെ കുറിച്ച് അറിയാം
വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസം എന്ന നിലയിലാണ് റമദാന്‍ ഇത്രയും പ്രാധാന്യം നേടുന്നതത്രെ. റമദാനിലെ ഒരു രാത്രിയാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് എന്നാണ് വിശ്വാസം. ഈ രാത്രി ആയിരം മാസങ്ങളേക്കാള്‍ പവിത്രമാണ് എന്നും മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. റമദാനിലെ രാപ്പകലുകളില്‍ പുണ്യം ചെയ്യുന്നതിന് പ്രതിഫലം ഇരട്ടിയാണെന്നും വിശ്വസിക്കുന്നു.
ഈ വര്‍ഷം റമദാന്‍ ഒന്ന് ആകാന്‍ സാധ്യത മാര്‍ച്ച് 11, 12 ദിവസങ്ങളിലാണ്. ഏപ്രില്‍ 9ന് റമദാന്‍ മാസം അവസാനിക്കുമെന്നും കരുതുന്നു. കഴിഞ്ഞ വര്‍ഷം റമദാന്‍ ഒന്ന് മാര്‍ച്ച് 24നായിരുന്നു. അവസാനിച്ചത് ഏപ്രില്‍ 21നും. ചാന്ദ്ര മാസപ്പിറവി അടിസ്ഥാനമാക്കി ഓരോ പ്രദേശത്തെയും ഖാസിമാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോഴാണ് റമദാന്‍ ഒന്ന് സ്ഥിരീകരിക്കുക.
യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, ലബ്‌നാന്‍, പാകിസ്താന്‍, ബ്രിട്ടന്‍, അമേരിക്ക, തുര്‍ക്കി, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍ മാര്‍ച്ച് 11ന് റമാദാന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൡ മാര്‍ച്ച് 12ന് റമദാന്‍ ആരംഭിക്കാനാണ് സാധ്യത. തൊട്ടു മുമ്പുള്ള ദിവസം മാത്രമാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകുക.
പ്രായപൂര്‍ത്തിയായവര്‍ വ്രതം അനുഷ്ഠിക്കേണ്ടത് നിര്‍ബന്ധ ബാധ്യതയാണ്. എന്നാല്‍ യാത്രക്കാര്‍, അസുഖ ബാധിതര്‍, പ്രായമായവര്‍, രണ്ട് വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള അമ്മമാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.
അത്താഴവും നോമ്പ് തുറക്കലും റമാദാന്‍ മാസത്തെ കൂടുതല്‍ സൗന്ദര്യമുള്ളതാക്കുന്നു. ഇസ്ലാമിലെ അഞ്ച് നിര്‍ബന്ധ ബാധ്യതയില്‍ ഒന്നാണ് വ്രതമെടുക്കല്‍. പാവപ്പെട്ടവരെ സഹായിക്കാനും നോമ്പ് തുറപ്പിക്കാനും ഈ മാസം മുസ്ലിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.