ഡല്‍ഹി: രണ്ട് വ്യക്തികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം തുടക്കത്തില്‍ ഉഭയകക്ഷി സമ്മതത്തോടെയാണെങ്കിലും എല്ലായ്‌പ്പോഴും അതങ്ങനെ തന്നെ തുടരണമെന്നില്ലെന്ന് സുപ്രീംകോടതി. അതുകൊണ്ട് തന്നെ ബലാത്സംഗം നടന്നിട്ടില്ല എന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.
പങ്കാളികളിലൊരാള്‍ ബന്ധം തുടരാന്‍ വിസമ്മതിക്കുമ്പോഴെല്ലാം സ്വഭാവം മാറാം. ബലാത്സംഗക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പ്രതി തന്നെ വിവാഹം കഴിക്കാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും പ്രേരിപ്പിച്ചുവെന്ന് കാണിച്ച് സ്ത്രീ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബലാത്സംഗക്കേസ് റദ്ദാക്കാന്‍ കര്‍ണാടക ഹൈക്കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.
പരാതിക്കാരിയുമായുള്ള ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ആരോപണങ്ങള്‍ പരസ്പര വിരുദ്ധവും തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
ബലാത്സംഗ കേസില്‍ പ്രതി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചത്. പരാതിക്കാരിയുടെ തുടര്‍ച്ചയായ സമ്മതം ഈ ബന്ധത്തിന് ഇല്ലെന്നും കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ വിനയ് നവാരെ, അഭിഭാഷകരായ ചിന്മയ് ദേശ്പാണ്ഡെ, മഞ്ജുനാഥ് കെ, അനിരുദ്ധ് സംഗനേരിയ എന്നിവര്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *