ന്യൂയോര്‍ക്ക്: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള പതിറ്റാണ്ടുകളുടെ നിഷ്പക്ഷത അവസാനിപ്പിച്ച് സ്വീഡൻ ഔദ്യോഗികമായി നാറ്റോയിൽ ചേരുന്നു. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈനിക സംഘത്തിലെ 32-ാമത്തെ അംഗമായി സ്വീഡനും. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ തൻ്റെ രാജ്യത്തിൻ്റെ രേഖകൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കന് സമർപ്പിച്ചു.
നാറ്റോയിലേക്കുള്ള സ്വീഡൻ്റെ പ്രവേശനത്തിനുള്ള എല്ലാ വ്യവസ്ഥകളും പൂർത്തീകരിച്ചിട്ടുണ്ടെന്നും സ്റ്റോക്ക്ഹോമിൻ്റെ അംഗത്വത്തെ സൂചിപ്പിക്കുന്ന പ്രോട്ടോക്കോൾ 2024 മാർച്ച് 7 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രസിദ്ധീകരിച്ച ഒരു രേഖ വ്യക്തമാക്കുന്നു.
യുക്രെയ്‌നിൽ റഷ്യയുടെ സൈനിക നടപടി ആരംഭിച്ചതിനെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം.
സ്വാതന്ത്ര്യത്തിനായുള്ള വിജയം എന്നാണ് സ്വീഡിഷ് പ്രധാനമന്ത്രി അംഗത്വത്തെ വിശേഷിപ്പിച്ചത്. നാറ്റോയിൽ ചേരാണ സ്വീഡൻ ജനാധിപത്യപരവും പരമാധികാരവും ഏകീകൃതവുമായി തിരഞ്ഞെടുപ്പ് നടത്തിയതായും ആന്റണി ബ്ലിങ്കനൊപ്പം പങ്കെടുത്ത പൊതു പരിപാടിയിൽ പറഞ്ഞു. ഇതൊരു ചരിത്ര ദിനമാണെന്നാണ് നാറ്റോ സെക്രട്ടറി ജെനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗിന്റെ പരാമർശം.