ദുബായ്: പ്രതികൂലമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ താഴ്‌വാരകളിലേക്കും പര്‍വതങ്ങളിലേക്കുമുള്ള എല്ലാ റോഡുകളും അടയ്ക്കും. മാര്‍ച്ച് എട്ട് (വെള്ളി) വൈകുന്നേരം മുതല്‍ മാര്‍ച്ച് 10 (ഞായര്‍) ഉച്ചവരെ രാജ്യത്ത് കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവുമുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെ കാലാവസ്ഥ ഏറ്റവും മോശമായിരിക്കും. അല്‍ ദഫ്ര, അല്‍ ഐന്‍ മേഖലകളിലായിരിക്കും മോശം കാലാവസ്ഥ ആരംഭിക്കുന്നത്. പിന്നീട് ഇത് അബുദാബിയിലേക്കും അതിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും വ്യാപിക്കും. ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലും അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടും. 
തങ്ങളെയോ, അല്ലെങ്കില്‍ മറ്റുള്ളവരെയോ അപകടത്തിലാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്ന് പിഴ ഈടാക്കും. മഴയുള്ള കാലാവസ്ഥയില്‍ താഴ്‌വരകള്‍, വെള്ളപ്പൊക്കമുള്ള പ്രദേശങ്ങള്‍, ഡാമുകള്‍ എന്നിവയ്ക്ക് സമീപം ഒത്തുകൂടുന്നവരില്‍ നിന്ന് 1,000 ദിര്‍ഹം വരെ പിഴ ചുമത്തും. വെള്ളപ്പൊക്ക ബാധിത താഴ്‌വരകളില്‍ അപകടം വകവയ്ക്കാതെ കടക്കുന്നവര്‍ക്ക് 2,000 ദിര്‍ഹം പിഴ ചുമത്തും. 23 ബ്ലാക്ക് പോയിന്റുകള്‍ നല്‍കുന്നതിനോടൊപ്പം, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. 
അധികൃതര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും, അല്ലാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (എൻസിഇഎംഎ) അറിയിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *