മുളന്തുരുത്തി:  മുളന്തുരുത്തി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവൽക്കരണ സന്ദേശറാലി നടത്തി.
വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും, ദുർവിനിയോഗവും മനുഷ്യകുലത്തിനും  സമൂഹത്തിനും സസ്യ ജന്തു ജീവജാലങ്ങൾക്കും ശുദ്ധജലത്തിനും പരിസ്ഥിതിയ്ക്കും വൻ ദുരന്തം ഉണ്ടാക്കുമെന്ന സന്ദേശവുമായി  രാവിലെ 9 മണിക്ക് റാലി  ആരംഭിച്ചു.

പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും പ്ലാസ്റ്റിക് കത്തിയ്ക്കുന്നത് മൂലവും ഉണ്ടാകുന്ന പരിസ്ഥിതി നാശവും, അന്തരീക്ഷമലിനീകരണവും ഉൾപ്പെടെ ഗൗരവമേറിയ വിഷയങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ നിരത്തിയായിരുന്നു റാലി.
വിവിധ സ്കൂളുകൾ, പഞ്ചായത്ത് ഓഫീസുകൾ, പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിച്ചതിന് ശേഷം മുളന്തുരുത്തി പഞ്ചായത്ത് ഓഫീസിന് മുന്നിൽ റാലി സമാപിച്ചു.

ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, ജീവനക്കാർ, അദ്ധ്യാപകർ, പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ ബോധവൽക്കരണ റാലിയെ അഭിസംബോധന ചെയ്തു. 
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ, പഞ്ചായത്ത് അംഗം മാണി പാട്ടശ്ശേരിൽ, സെക്രട്ടറി ബിൻസി ലാൽ, വെൽകെയർ നഴ്സിംഗ് കോളജിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ റാലിയെ സ്വാഗതം ചെയ്തു. 

മുളന്തുരുത്തി ഫയർ സ്റ്റേഷനിലെ ജീവനക്കാരുടെയും സിവിൽ ഡിഫൻസ് വൊളണ്ടിയർമാരുടെയും പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ചോറ്റാനിക്കര സൗപർണിക ഓഡിറ്റോറിയം മാനേജിംഗ് ഡയറക്ടർ മാധവമേനോൻ പറഞ്ഞു. 
പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനെതിരെയുള്ള പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിൽ എത്തിയ്ക്കാൻ നിലവിലുള്ള കൂട്ടായ്മ വഴി ചെയ്യുമെന്ന് റാലിക്ക് ലഭിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *