തിരുവനന്തപുരം: ന്യൂനപക്ഷ സമുദായ സമവാക്യത്തില്‍ അനുപാതം പാലിച്ചാണ് കോണ്‍ഗ്രസ് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്. മുസ്ലീം സമുദായത്തില്‍ നിന്നുള്ള മൂന്ന് പേരാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.
മുസ്ലീം ലീഗിന്റെ അബ്ദുസമദ് സമദാനി പൊന്നാനിയിലും, ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്തും, കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ വടകരയിലും ജനവിധി തേടും. ജെബി മേത്തര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവരിലൂടെ രാജ്യസഭയിലും മുസ്ലിം സമുദായ പ്രാതിനിധ്യം യുഡിഎഫ് ഉറപ്പുവരുത്തിയിട്ടുണ്ട്.
കെ. സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുന്ന പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എം.എം. ഹസന് കോണ്‍ഗ്രസ് കൈമാറിയതും ശ്രദ്ധേയമാണ്. സമുദായപ്രാതിനിധ്യം ഉറപ്പുവരുത്തി ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ നേടാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും കോണ്‍ഗ്രസും.
മറുവശത്ത്, മുസ്ലിം സമുദായത്തില്‍ നിന്നുള്ള നാലു പേരെയാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കളത്തിലിറക്കുന്നത്. ആലപ്പുഴയില്‍ സിറ്റിംഗ് എം.പി. എ.എം. ആരിഫും, പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ.എസ്. ഹംസയും, മലപ്പുറത്ത് ഡിവൈഎഫ്‌ഐ നേതാവ് വി. വസീഫും, കോഴിക്കോട് എളമരം കരീമും ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കും. കൂടാതെ ഡിവൈഎഫ്‌ഐ നേതാവ് എ.എ. റഹീമും രാജ്യസഭാംഗമാണ്.
നേരത്തെ സിപിഎം പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മുസ്ലിം പ്രാതിനിധ്യം ചര്‍ച്ചയായിരുന്നു. വടകരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ട് ആകര്‍ഷിക്കാന്‍ ഇരു മുന്നണികളും മത്സരിക്കുമ്പോള്‍ പ്രാതിനിധ്യപ്രശ്‌നം തടസമാകരുതെന്ന അഭിപ്രായം കോണ്‍ഗ്രസിനകത്ത് ചര്‍ച്ചയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.