തൃശൂർ: പാർട്ടി എന്ത് പറഞ്ഞാലും താൻ അംഗീകരിക്കുമെന്ന് ടി എൻ പ്രതാപൻ. കോൺഗ്രസ് പാർട്ടിയുടെ തീരുമാനമാണ് തന്റേതെന്നും വ്യക്തിപരമായ തീരുമാനത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തന്റെ ജീവാത്മാവും പരമാത്മാവും കോൺഗ്രസാണ്. സന്ദർഭത്തിന് അനുസരിച്ച് എടുക്കുന്ന ബുദ്ധിപരമായ തീരുമാനമാണ് രാഷ്ട്രീയത്തിൽ പ്രധാനം. തൃശൂരിൽ ഓപ്പറേഷൻ താമര വന്നാലും അതിജീവിക്കാനുള്ള ശക്തി കോൺഗ്രസ് പാർട്ടിക്കുണ്ട്. തൃശൂർ എൽഡിഎഫിനോ ബിജെപിക്കോ വിട്ടുകൊടുക്കില്ല. കെ മുരളീധരൻ കേരളത്തിലെ മികച്ച കോൺഗ്രസ് നേതാക്കളിൽ ഒരാളാണ്.
കെ മുരളീധരന്റെ നിലപാടിന് പൊതുസമൂഹത്തിൽ എപ്പോഴും സ്വീകാര്യതയുണ്ട്. അണികളുടെ ആത്മവീര്യം സംരക്ഷിക്കുന്ന, സമൂഹത്തിൽ സ്വീകാര്യതയുള്ള നേതാവാണ് അദ്ദേഹം. കെ കരുണാകരന്റെ മകനെന്ന നിലയിലുള്ള എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്.
എന്നാൽ കരുണാകരന്റെ തണലിൽ മാത്രം വന്ന ആളല്ല മുരളീധരൻ. സ്വന്തമായ ലീഡർഷിപ്പ് കപ്പാസിറ്റി ബിൽഡ് ചെയ്തെടുത്ത നേതാവാണ് അദ്ദേഹം. സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനം രാവിലെ ചേരുന്ന സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷം മാത്രമാണ് ഉണ്ടാകുക. കെ മുരളീധരൻ തലയെടുപ്പുള്ള നേതാവാണെന്നും ടി എൻ പ്രതാപൻ പറഞ്ഞു.