തിരുവനന്തപുരം: കൊടും വേനലിൽ വൈദ്യുതി കൂടി ഇല്ലാതായാലുള്ള സ്ഥിതി എന്താവും. അങ്ങനെയൊരു സ്ഥിതിയിലേക്കാണ് ഇപ്പോഴത്തെ കെ.എസ്.ഇ.ബിയുടെ പോക്ക്. സർക്കാർ സ്ഥാപനങ്ങളുടെ വമ്പൻ കുടിശിക നൽകിയില്ലെങ്കിൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി.  ഇക്കാര്യം ചൂണ്ടിക്കാട്ടി ബോർഡ് സംസ്ഥാന സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. പരീക്ഷാ, ചൂട് കാലത്ത് കറണ്ടില്ലെങ്കിൽ ജനം വലയുമെന്ന് ഉറപ്പാണ്.
ലോകസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, കടുത്ത തീരുമാനങ്ങൾ പാടില്ലെന്നും ഏതു വിധേനയും വൈദ്യുതി വിതരണവും ലഭ്യതയും ഉറപ്പാക്കണമെന്നും ബോർഡിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് സർക്കാർ.
സർക്കാർ സ്ഥാപനങ്ങൾ 1768.80കോടി, ഗാർഹിക ഉപഭോക്താക്കൾ 389.81കോടി, സ്വകാര്യസ്ഥാപനങ്ങൾ 1086.15കോടി, മറ്റ് സ്ഥാപനങ്ങൾ 2109.73കോടി അടക്കം ആകെ 3585.69 കോടി രൂപയാണ് ബോർഡിന് കിട്ടാനുള്ളത്. വാട്ടർ അതോറിറ്റിക്കാണ് കൂടുതൽ കുടിശികയുള്ളത്. ഇത് തീർപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചെങ്കിലും വിജയിച്ചില്ല. വാട്ടർ അതോറിറ്റിയുടെ വൈദ്യുതി വിച്ഛേദിച്ചാൽ കുടിവെള്ളവിതരണം മുടങ്ങുമെന്നതിനാൽ കടുത്ത നടപടിക്ക് അനുമതിയില്ല.
പരീക്ഷക്കാലത്ത് ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണ് ബോർഡ്. വാട്ടർ അതോറിറ്റിക്ക് 1768.80കോടിയാണ് കുടിശിക. പ്രതിമാസ ബിൽതുകയായ 37 കോടിയും അതിന്റെ സബ്സിഡിയായ 13കോടിയും കിട്ടാനുണ്ട്.മുൻകൂർ പണം അടച്ച് വൈദ്യുതി വാങ്ങാനായില്ലെങ്കിൽ ഏത് ദിവസവും ലോഡ് ഷെഡ്ഡിംഗിലേക്ക് സംസ്ഥാനം വഴുതിവീഴുമെന്നാണ് കെ.എസ്.ഇ.ബി. സംസ്ഥാനസർക്കാരിനെ അറിയിച്ചത്. 
മഴ കുറഞ്ഞതോടെ ഡാമുകളിൽ വെള്ളം കുറവാണ്. ദീർഘകാല കരാറുകൾ റദ്ദായതോടെ കുറഞ്ഞവിലയ്ക്ക് വൈദ്യുതി കിട്ടാനില്ല. പൊതു സോഴ്സിൽ നിന്ന് വൈദ്യുതി വാങ്ങാൻ മുൻകൂർ പണം നൽകണം. അതിന് കോടികൾ വേണം. 
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബോർഡിന് പണമില്ല. കെ.എസ്.ഇ.ബിക്ക് വായ്പ അനുവദിക്കരുതെന്ന് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. അഥവാ വായ്പ കിട്ടിയാൽ തന്നെ വൻ പലിശ നൽകേണ്ടിവരും. ബിൽ കുടിശിക പിരിച്ചെടുക്കാനുളള കെ.എസ്.ഇ.ബി. ശ്രമങ്ങൾ കാര്യമായി ഫലം കണ്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനസർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാസ്ഥാപനങ്ങളും പ്രതിമാസ ബിൽ പോലും അടക്കുന്നില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *