കട്ടപ്പന- മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രതികള്‍ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയതായാണ് വിവരം. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍ (27), പുത്തന്‍പുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ പ്രതി വിഷ്ണു വിജയന്റെ പിതാവ് വിജയന്‍, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജങ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. ദുര്‍മന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും തെളിവുകള്‍ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി.
വിഷ്ണുവിന്റെ സുഹൃത്തായ നിതീഷിന് വിഷ്ണുവിന്റെ സഹോദരിയില്‍ ഉണ്ടായ കുട്ടിയെയാണ് കൊന്നത്. ഗന്ധര്‍വന് കൊടുക്കാന്‍ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്ന് വാങ്ങിക്കൊണ്ടുപോയത്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വംനല്‍കിയത്.
ശനിയാഴ്ചയാണ് നഗരത്തിലെ വര്‍ക്ക് ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ ഒരു യാത്ര കഴിഞ്ഞ് യാദൃശ്ചികമായി വര്‍ക്ക് ഷോപ്പിന് സമീപത്ത് എത്തിയ വര്‍ക്ക് ഷോപ്പ് ഉടമയുടെ മകന്‍ ഇവര്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നത് കണ്ട് രണ്ടുപേരെയും പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് നരബലി സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
 
 
2024 March 8Keralatitle_en: kattappana

By admin

Leave a Reply

Your email address will not be published. Required fields are marked *