ജിദ്ദ: വിശുദ്ധ ഉംറ നിർവഹിച്ച ശേഷം അബുദാബിയിലേക്ക് മടങ്ങും വഴി തളർന്ന് വീണ് മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം, എടരിക്കോട് സ്വദേശി മുഹമ്മദ് കുട്ടി (63) ആണ് അന്ത്യശ്വാസം വലിച്ചത്. മലപ്പുറം എടരിക്കോട് പഞ്ചായത്ത് ക്ലാരിസൗത്ത് സ്വദേശി പരേതനായ തൂമ്പത്ത് കുഞ്ഞീന്റെ മകനാണ് മുഹമ്മദ് കുട്ടി. ഭാര്യ: ആയിഷ, മക്കൾ: മുംതാസ്, അഫ്സൽ, മുഹമ്മദ് ആഷിഖ്.
കുറുക ജുമാ മസ്ജിദ് ഖബറിടത്തിലായിരുന്നു സംസ്കരണം.
ഈ മാസം ഒന്നിന് ആയിരുന്നു മരണം സംഭവിച്ചത്. അബുദാബിയിൽ നിന്നെത്തിയ മുഹമ്മദ് കുട്ടി അനുഷ്ഠാനങ്ങൾ നിർവഹിച്ച ശേഷം അവിടേക്ക് തന്നെ മടങ്ങുന്നവഴി റിയാദ് – മദീന എക്സ്പ്രസ് ഹൈവേയിൽ അൽഗാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു മരണപ്പെട്ടത്.
അൽഗാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ഉനൈസ കെ എം സി സിയും അൽഗാത്ത് ഏരിയകമ്മിറ്റിയും രംഗത്തുണ്ടായിരുന്നു.