ഈ വര്‍ഷം അവസാനത്തോടെ ലോകത്തിൽ അഞ്ചാം പനി പടരാനുള്ള സാധ്യയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രോഗപ്രതിരോധ നടപടികളില്‍ വലിയൊരു ഇടവേള ഉണ്ടായെന്നും വാക്സിന് നല്‍കുക വഴി ഈ ഗ്യാപ് അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഞ്ചാംപനി ഈ ഗ്യാപിലേക്ക് കുതിച്ചു കയറുമെന്നും ലോകാരോഗ്യ സംഘടനയുടെ മീസെല്‍സ് ആന്‍ഡ് റുബെല്ല സീനിയര്‍ ടെക്നിക്കല്‍ അഡ്വൈസര്‍ നതാഷ ക്രൊക്രാഫ്റ്റ് ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ്-19 മഹാമാരി സമയത്ത് വാക്സിനേഷന് മുടങ്ങിയതിനാല്‍ അഞ്ചാംപനി കേസുകള്‍ ലോകത്ത് വര്‍ധിച്ചതായി ഡബ്ല്യുഎച്ച്ഒ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ ഡേറ്റ ഉപയോഗിച്ച് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ വര്‍ഷാവസാനത്തോടെ ലോകത്തിന്റെ പകുതിയിലധികം രാജ്യങ്ങളിലും അഞ്ചാംപനി പൊട്ടിപ്പുറപ്പെടാനുള്ള ഉയര്‍ന്ന അപകടസാധ്യതയാണുളളതെന്ന് നതാഷ പറഞ്ഞു.
വൈറസുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധിയാണ് അഞ്ചാംപനി. രോഗബാധിതനായ ഒരു വ്യക്തിയുടെ ശ്വാസത്തിലൂടെയും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുകയും വഴിയാണ് രോഗം പകരുന്നത്. ഇത് ഗുരുതരാവസ്ഥ സൃഷ്ടിക്കുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യും. ആര്‍ക്കു വേണമെങ്കിലും രോഗം ബാധിക്കാമെങ്കിലും കൂടുതലും ബാധിക്കുന്നത് കുട്ടികളെയാണ്.
ശ്വാസകോശത്തെയാണ് അഞ്ചാംപനി ബാധിക്കുന്നത്. ഇത് ശരീരം മുഴുവന്‍ വ്യാപിക്കുന്നു. കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, ചുവന്ന നിറത്തില്‍ വെള്ളംനിറഞ്ഞ കണ്ണുകള്‍, ശരീരത്തില്‍ തിണര്‍പ്പുകള്‍, കവിളുകള്‍ക്കുള്ളില്‍ വെളുത്ത പാടുകള്‍ തുടങ്ങിയവയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങള്‍.