തിരുവനന്തപുരം: ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഉച്ചയ്ക്ക് മൂന്നുമണിക്ക് മുമ്പ് തീരുമാനമുണ്ടാകുമെന്ന് സൂചന: കെസി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയാകുന്നില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാന്‍ നേതൃതലത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. തീരുമാനം ഇന്നു തന്നെയുണ്ടാകും.
കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നതിലും എഐസിസി അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പകരം വടകരയില്‍ പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനും എഐസിസിയുടെ അംഗീകാരം ലഭിച്ചതായാണ് സൂചന. കണ്ണൂരില്‍ കെ സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എഐസിസി തീരുമാനിച്ചിട്ടുണ്ട്.
മത്സരിക്കണമോയെന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനം എടുക്കാതെ നില്‍ക്കുന്ന സുധാകരനോട് മത്സരത്തിനൊരുങ്ങാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ തന്നെ നിര്‍ദേശം നല്‍കിയതായാണ് വിവരം. ഇതൊഴികെ കോണ്‍ഗ്രസിന്റെ മറ്റ് സിറ്റിംഗ് എംപിമാരെല്ലാം അതാത് മണ്ഡലങ്ങളില്‍ മത്സരിക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായി. പ്രഖ്യാപനങ്ങളെല്ലാം ഇന്നു തന്നെയുണ്ടായേക്കും.