കൊല്ലം: ആയൂരിൽ ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയ കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ആയൂർ സ്വദേശികളായ അൻവർ സാദത്തിനേയും ബൈജുവിനേയുമാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാൾ ഒളിവിലാണ്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉള്‍പ്പെടെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി ആയൂരിലെത്തിയ വിദ്യാർഥികളോടാണ് ഇവർ സദാചാര ഗുണ്ടായിസം കാട്ടിയത്. പാർട്ടിയിൽ പങ്കെടുത്തതിനു ശേഷം സുഹൃത്തിന്റെ നിർദ്ദേശപ്രകാരം കുഴിയത്തെ ആയിരവല്ലിപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു വിദ്യാർത്ഥിനികൾ ഉൾപ്പെടെയുളള സംഘം.
ഈ സമയത്ത് പ്രദേശത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതികൾ. വിദ്യാർഥികളെ കണ്ട് ഇവർ അസഭ്യം പറഞ്ഞു. ചോദ്യം ചെയ്ത ആൺകുട്ടികളെ മരക്കമ്പ് ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചു. തടയാൻ ശ്രമിച്ച വിദ്യർത്ഥിനികളെ ദേഹത്ത് പിടിച്ച് തള്ളി. പെൺകുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു. ചടയമംഗലം സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പുലർച്ചയോടെ രണ്ട് പ്രതികൾ പിടിയിലായി.