ശ്രീനഗർ : ഒന്നിലധികം വികസന പദ്ധതികൾ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ. 6,400 കോടിയിലധികം രൂപയുടെ പദ്ധതികളാണ് മോദി അനാച്ഛാദനം ചെയ്തത്. ‘വിക്ഷിത് ഭാരത് വിക്ഷിത് ജമ്മു കശ്മീർ’ പരിപാടിയിലാണ് മോദി പങ്കെടുത്തത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ കശ്മീർ സന്ദർശനമാണ്. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ശ്രീനഗറിലെ ജനങ്ങളുടെ ഹൃദയം കീഴടക്കാനാണ് താനെത്തിയതെന്ന് പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
“ഇവിടെ സമർപ്പിക്കുന്ന വികസന പദ്ധതികൾ ജമ്മു കശ്മീരിൻ്റെ വികസനം വർദ്ധിപ്പിക്കും. വികസിത ഇന്ത്യയ്ക്ക് വികസിത ജമ്മു-കശ്മീരിന് മുൻഗണന നൽകും. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട ഒരു യുഗമുണ്ടായിരുന്നു. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നടപ്പിലാക്കിയ നിയമം ജമ്മു കശ്മീരിൽ നടപ്പിലാക്കാൻ കഴിയാത്ത ഒരു കാലഘട്ടമുണ്ടായിരുന്നു, പാവപ്പെട്ടവരുടെ ക്ഷേമത്തിനായി രാജ്യത്തുടനീളം പദ്ധതികൾ നടപ്പിലാക്കിയപ്പോൾ, ജമ്മു കശ്മീരിലെ നമ്മുടെ സഹോദരീസഹോദരന്മാർക്ക് അത് നിഷേധിക്കപ്പെട്ടു. ഇപ്പോൾ നോക്കൂ, കാലം എങ്ങനെ മാറിയെന്ന്.”, പ്രധാനമന്ത്രി പറഞ്ഞു.