തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ബി.ജെ പി യിലേക്കുള്ള കൊഴിഞ്ഞു പോക്ക് പത്മജാ വേണുഗോപാലിൽ ഒതുങ്ങുമോ ? ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി കൂടുതൽ പേരിലേക്ക് വലയെറിഞ്ഞിട്ടുള്ളതിനാൽ ഇനിയും നേതാക്കൾ കോൺഗ്രസ് കൂടാരം വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹമുണ്ട്.
കോൺഗ്രസിൽ അസംതൃപ്തരായി നിൽക്കുന്നവരെയാണ് ബി.ജെ.പി നോട്ടമിടുന്നത്. വടക്കൻ കേരളത്തിലെയും തെക്കൻ കേരളത്തിലെയും ചില നേതാക്കൾ ബിജെപി വലയിൽ പെട്ടിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാനത്തെ ചില നേതാക്കളുടെ മധ്യസ്ഥതയിൽ ദേശിയ നേതൃത്വം നേരിട്ടാണ് ഇവരുമായി ചർച്ച നടത്തുന്നത്. അവസാന നിമിഷത്തിൽ മാത്രം സംസ്ഥാന നേതൃത്വത്തെ വിവരം അറിയിക്കുന്നതാണ് പതിവ്.
കെ.കരുണാകരൻെറ മകളും എ.കെ. ആൻ്റണിയുടെ മകനും കോൺഗ്രസ് വിട്ട് മുഖ്യ എതിരാളിയുടെ കൂടെ ചേർന്ന സാഹചര്യത്തിൽ ഇനി ആർക്കും പാർട്ടി വിട്ടു പോകാൻ മടിയുണ്ടാകില്ല. അത് മനസിലാക്കിയാണ് ബി.ജെ.പിയുടെ കരുനീക്കങ്ങൾ.
കോൺഗ്രസിലെ അസംതൃപ്തരെ നോട്ടമിടാൻ ദേശിയ തലത്തിൽ പ്രത്യേക സംവിധാനം തന്നെ ബി.ജെ.പിക്ക് ഉണ്ട്. അതേ മാതൃകയിലാണ് കേരളത്തിലെയും നീക്കങ്ങൾ. കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന ബി.ജെ.പി നേതാക്കളെ അടർത്തി എടുത്തു കൊണ്ട് ആ ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നത്.
ആ ലക്ഷ്യത്തിലേക്ക് അടുക്കാൻ പല മാർഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നു മാത്രം. ചിലർക്ക് തിരഞ്ഞെടുപ്പിൽ സീറ്റും സ്ഥാനമാനങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നതെങ്കിൽ മറ്റ് ചിലർക്ക് കേസുകളിൽ നിന്നുള്ള രക്ഷയാണ് ഓഫർ.
ഒന്നര വര്‍ഷം മുമ്പ് തുടങ്ങിയ ചര്‍ച്ചകള്‍
ഒന്നര വർഷത്തെ ആശയ വിനിമയത്തിന് ഒടുവിലാണ് കെ. കരുണാകരൻ എന്ന കോൺഗ്രസിൻ്റെ മഹത്തായ രാഷ്ട്രീയ പൈതൃകം ഉപേക്ഷിച്ച് പത്മജാ വേണുഗോപാൽ സംഘ പരിവാർ ക്യാംപിലേക്ക് മറുകണ്ടം ചാടിയത്.
പ്രവർത്തക സമിതി അംഗവും ജീവിച്ചിരിക്കുന്ന കോൺഗ്രസ് നേതാക്കളിൽ ഏറ്റവും പ്രമുഖനുമായ എ.കെ. ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി കൂടെ പോന്നതോടെയാണ് കേരളത്തിലെ കോൺഗ്രസ് പാളയത്തിൽ നിന്ന് കൂടുതൽ പേരെ നോട്ടമിടാൻ ബി.ജെ.പിക്ക് ആത്മവിശ്വാസം കൈവന്നത്.
മധ്യസ്ഥനായത് സുരേഷ് ഗോപി
നടൻ സുരേഷ് ഗോപിയാണ് പത്മജയെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ മധ്യസ്ഥനായത്. കെ. കരുണാകരന്റെ കാലത്ത് തന്നെ കുടുംബമായി ആത്മ ബന്ധമുള്ള ആളാണ് സുരേഷ് ഗോപി.
പത്മജയുമയി അടുത്ത സൗഹൃദം സൂക്ഷിച്ചു പോരുന്ന സുരേഷ് ഗോപിയുടെ മുൻ കൈയ്യിലാണ് ബിജെപി നേതൃത്വം പത്മജയുമായി ചർച്ച ആരംഭിച്ചത്.
മുകുന്ദപുരത്ത് നിന്ന് ലോക് സഭയിലേക്കും രണ്ട് തവണ തൃശൂരിൽ നിന്ന് നിയമ സഭയിലേക്കും മത്സരിച്ച പത്മജയ്ക്ക് തിരഞ്ഞെടുപ്പുകൾ വൻ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. ഇത് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
കോൺഗ്രസിന് ഉള്ളിൽ നിന്ന് തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചത് ചൂണ്ടിക്കാട്ടിയിട്ടും അവഗണിച്ചു. രാജ്യസഭാ സീറ്റ് ആവശ്യം ഉന്നയിച്ചിട്ടും നൽകാതെ ജെബി മേത്തറിന് നൽകിയതോടെയാണ് പത്മജ പാർട്ടിയിൽ നിന്നും മാനസികമായി അകന്നത്. കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻ്റ് സ്ഥാനത്തിനും ശ്രമിച്ച് കിട്ടാതെ വന്നതോടെ പാർട്ടി വിടാൻ തയാറെടുത്തു.
സുരേഷ് ഗോപിയുടെ ഇടപെടൽ കൂടിയായപ്പോൾ ബി.ജെ.പി പ്രവേശനം അനായാസമായി നടന്നു. തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ കോൺഗ്രസിന് കനത്ത പ്രഹരം ഏൽപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ബിജെപിയുടെ നേട്ടം.