പാലക്കാട്: ബിജെപിയില്‍ ചേർന്ന പത്മജ വേണുഗോപാലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപിച്ചെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. തെരുവുഗുണ്ടയുടെ ഭാഷയാണ് രാഹുല്‍ ഉപയോഗിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വിമര്‍ശിച്ചു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്:
യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടം , ശ്രീമതി പത്മജ വേണുഗോപാലിനെ തന്തക്ക് പിറക്കാത്തവൾ എന്നാണ് വിളിച്ചിരിക്കുന്നത്. എന്ത് ഭാഷയാണിത്? പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ പോവുക എന്നത് ജനാധിപത്യ രാജ്യത്ത് ഒരു തെറ്റാണോ ?
ഒരു സ്ത്രീയോട് ഉപയോഗിക്കേണ്ട ഭാഷയാണോ ഇത്? തെരുവുഗുണ്ടയുടെ ഭാഷ ഉപയോഗിച്ചാണ് ഒരു സ്ത്രീയെ അധിക്ഷേപിക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് . രാഹുൽ മാങ്കൂട്ടം അധിക്ഷേപിച്ചിരിക്കുന്നത് കേവലം പദ്മജയെ അല്ല, തന്തക്ക് പിറക്കാത്തവൾ എന്ന് പദ്മജയെ വിളിക്കുമ്പോൾ കരുണാകരൻ്റെ ഭാര്യ അന്തരിച്ച കല്യാണിക്കുട്ടി അമ്മയെ അധിക്ഷേപിക്കുന്ന പദപ്രയോഗമാണത്. ഇതിന് മറുപടി പറയേണ്ട ബാധ്യത കെ മുരളീധരൻ്റെതാണ്.
പാർട്ടി വിട്ട സഹോദരിയെ അധിക്ഷേപിക്കാൻ രാഹുൽ മാങ്കൂട്ടം ചോദ്യം ചെയ്തിരിക്കുന്നത് അന്തരിച്ച കല്യാണിക്കുട്ടിയമ്മയുടെ സ്വഭാവ ശുദ്ധിയെ ആണ് . സ്വന്തം അമ്മയെ ഒരു തെരുവു ഗുണ്ട അസഭ്യം വിളിക്കുമ്പോൾ രാഷ്ട്രീയ ലാഭത്തിനായി മൗനം പാലിക്കുന്ന കെ. മുരളീധരന് അമ്മയുടെയും അച്ഛൻ്റെയും ആത്മാവ് മാപ്പു കൊടുക്കില്ല . അതേസമയം, കെ.കരുണാകരന്റെ പാരമ്പര്യം പത്മജ വേണുഗോപാൽ ഇനി ഉപയോഗിച്ചാല്‍ തെരുവില്‍ തടയുമെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് പത്മജ മറുപടി നല്‍കി. രാഹുൽ ടിവിയിലിരുന്ന് നേതാവായ ആളാണെന്നും അദ്ദേഹം അതു തന്നോട് പറയേണ്ടെന്നും പത്മജ പറഞ്ഞു.