ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ കെ. മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് വമ്പന്‍ നീക്കത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സ്ഥാനാര്‍ഥിപട്ടികയില്‍ ‘സര്‍പ്രൈസ്’ ഉണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സുധാകരന്‍ പറഞ്ഞ സര്‍പ്രൈസ് സ്ഥാനാര്‍ഥി മുരളീധരനാണെന്നാണ് സൂചന.
ശക്തമായ ത്രികോണപോരാട്ടം നടക്കുന്ന തൃശൂരില്‍ മുരളീധരനെ ഇറക്കി മണ്ഡലം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. ഇടതുമുന്നണിക്ക് വേണ്ടി വി.എസ്. സുനില്‍കുമാറും എന്‍ഡിഎയ്ക്കു വേണ്ടി സുരേഷ് ഗോപിയുമാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. നിലവിലെ സിറ്റിംഗ് എംപി ടി.എന്‍. പ്രതാപന് നിയമസഭ സീറ്റ് നല്‍കാനാണ് പാര്‍ട്ടിയിലെ ധാരണ.
മുരളീധരന്‍ തൃശൂരില്‍ മത്സരിച്ചാല്‍ വടകരയില്‍ ഷാഫി പറമ്പിലിനെയോ, അല്ലെങ്കില്‍ ടി. സിദ്ദിഖിനെയോ മത്സരിപ്പിക്കാനും നീക്കമുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ. സുധാകരനും മത്സരിക്കും. ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും. മറ്റു മണ്ഡലങ്ങളിലെല്ലാം സിറ്റിംഗ് എംപിമാരെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് നീക്കം. വെള്ളിയാഴ്ച രാവിലെ 16 കേരളത്തിലെ 16 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. വരും മണിക്കൂറുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള അന്തിമച്ചിത്രം വ്യക്തമാകും.