ഡല്‍ഹി: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി ബി ജെ പിയുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകളുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദള്‍(ബിജെഡി) .
ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ വീണ്ടും സഖ്യത്തിന് സൂചന നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 11 വര്‍ഷത്തെ രാഷ്ട്രീയ പങ്കാളിത്തത്തിന് ശേഷം 2009 ല്‍ ബിജെഡി ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ വിട്ടിരുന്നു.
ബുധനാഴ്ച ഭുവനേശ്വറിലെ പട്‌നായിക്കിന്റെ വസതിയായ നവീന്‍ നിവാസില്‍ ബിജെഡി നേതാക്കള്‍ മൂന്ന് മണിക്കൂര്‍ നീണ്ട യോഗം ചേര്‍ന്നു. അതിനിടെ, ബിജെപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുമായും ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നവീന്‍ പട്നായിക്കിന്റെ പക്ഷവുമായി സഖ്യമുണ്ടാക്കുന്നത് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ബിജെഡി യോഗത്തിന് ശേഷം, ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ നടന്നതായി പാര്‍ട്ടി വൈസ് പ്രസിഡന്റും എംഎല്‍എയുമായ ദേബി പ്രസാദ് മിശ്ര സമ്മതിച്ചു. മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ ജുവല്‍ ഓറമും സമാനമായ ഒരു അംഗീകാരം നടത്തിയിരുന്നു, എന്നിരുന്നാലും, സഖ്യത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.